നിലമ്പൂർ: നിലമ്പൂർ - ഷൊർണൂർ പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവിസ് തുടങ്ങുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതരുടെ അറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നിർത്തിവെച്ച പാലക്കാട് - നിലമ്പൂർ പാസഞ്ചർ പുനഃസ്ഥാപിക്കുന്ന സർവിസുകളുടെ പട്ടികയിലുണ്ട്. രാവിലെ 5.45ന് പാലക്കാട്ടു നിന്ന് പുറപ്പെട്ട് 8.45ന് നിലമ്പൂരിലെത്തി വൈകുന്നേരം പാലക്കാട്ടേക്കും സർവിസ് നടത്തിയിരുന്ന വണ്ടിക്ക് അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകൾക്ക് പുറമേ ഹാൾട്ടിങ് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം പ്രതിനിധികൾക്ക് പാലക്കാട് ഡിവിഷൻ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സർവിസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
രാജ്യറാണിയും കോട്ടയം സ്പെഷൽ എക്സ്പ്രസും ആണ് കോവിഡ് നിയന്ത്രണ ശേഷം ഇപ്പോൾ നിലമ്പൂർ റൂട്ടിൽ സർവിസ് നടത്തുന്നത്. രണ്ട് സർവിസുകൾക്കും ഹാൾട്ടിങ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രക്കാർ ഏറെ പ്രയാസത്തിലാണ്. ഇരു ട്രെയിനുകൾക്കും വൈകാതെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.
ജനുവരിയോടെ മുഴുവൻ ട്രെയിൻ സർവിസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ പറഞ്ഞു.
പാലക്കാട് - നിലമ്പൂർ ട്രെയിൻ രാവിലെ 5.45ന് പാലക്കാട് നിന്ന് ആരംഭിച്ച് ഏഴിന് ഷൊർണൂരിലെത്തും. 7.35 അങ്ങാടിപ്പുറം, 7.43 പട്ടിക്കാട്, 7.52 മേലാറ്റൂർ, 7.59 തുവ്വൂർ, 8.06 തൊടിയപ്പുലം, 8.15 വാണിയമ്പലം, 8.45 നിലമ്പൂർ എന്നിങ്ങനെയാണ് മുമ്പത്തെ യാത്രാ ടൈം ടേബിൾ. ഇതിൽ ചെറിയ മാറ്റം വരുത്താൻ സാധ്യതയുണ്ട്.
പുലർച്ച 5.15ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് 10.10ന് ഷൊർണൂരിലെത്തുന്ന കോട്ടയം സ്പെഷൽ ട്രെയിൻ 10.54നാണ് അങ്ങാടിപ്പുറത്ത് എത്തുന്നത്. 11.45ന് നിലമ്പൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
ഈ ട്രെയിനിന് നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.10ന് നിലമ്പൂരിൽനിന്ന് കോട്ടയത്തേക്ക് മടക്കയാത്ര തുടങ്ങും. 3.48 നാണ് അങ്ങാടിപ്പുറത്ത് എത്തുക.
4.50ന് ഷൊർണൂരും രാത്രി 10.15ന് കോട്ടയത്തും എത്തും. കോട്ടയം-നിലമ്പൂർ സ്പെഷൻ ട്രെയിനിന് നിലമ്പൂർ - ഷൊർണൂർ പാതയിൽ കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.