നാടുകാണി ചുരം റോഡ് തമിഴ്നാടിന്‍റെ ഭാഗത്ത് പൊളിച്ചിട്ട നിലയിൽ

നാടുകാണി ചുരം റോഡ്: 3.15 കോടി അനുവദിച്ചെന്ന് അധികൃതർ

നിലമ്പൂർ: തകർന്നുകിടക്കുന്ന തമിഴ്നാട് ഭാഗത്തെ നാടുകാണി ചുരം റോഡ് ഉടൻ നന്നാക്കണമെന്ന് ആവശ‍്യപ്പെട്ട് കടകളടച്ച് നാടുകാണിയിലെ വ‍്യാപാരികളും നാട്ടുകാരും വിവിധ കക്ഷിരാഷ്ട്രീയക്കാരും ശനിയാഴ്ച നടത്താൻ തീരുമാനിച്ച കൂട്ടധർണ മാറ്റിവെച്ചു. രാവിലെ 10.30 മുതൽ 11.30 വരെയാണ് നാടുകാണിയിൽ ധർണ നടത്താൻ തീരുമാനിച്ചിരുന്നത്. കേരള അതിർത്തി മുതൽ നാടുകാണി പൊലീസ് ചെക്ക്പോസ്റ്റ് വരെ റോഡ് തകർന്ന് യാത്രയോഗ‍്യമല്ലാതായിരിക്കുകയാണ്. റോഡ് തകർന്നതിനാൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് തുടരുകയാണ്.

കഴിഞ്ഞ ദിവസം ലോറി ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ട് താൽക്കാലികമായി റോഡ് നന്നാക്കിയിരുന്നു.

അതിർത്തി മുതൽ പലയിടങ്ങളിലായി റോഡ് പൂർണമായും തകർന്ന ഭാഗങ്ങൾ യന്ത്രത്തിന്‍റെ സഹായത്തോടെ പൊളിച്ചുമാറ്റി കുണ്ടും കുഴികളും നികത്തുകയാണ് ചെയ്തത്. 20 മുതൽ 50 വരെ മീറ്റർ ദൂരത്ത് ചിലയിടങ്ങളിൽ റോഡ് പൊളിച്ചിട്ടുണ്ട്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ കടന്നുപോവാൻ കഴിയാത്ത അവസ്ഥയാണ്. തകർന്നുകിടക്കുന്ന റോഡിന് തമിഴ്നാട് ടോളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൊളിച്ചിട്ട ഭാഗങ്ങൾ എത്രയുംപെട്ടന്ന് ടാർ ചെയ്ത് നന്നാക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു കടകളടച്ചിട്ട് കൂട്ടധർണ തീരുമാനിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലത്തെത്തിയ റവന‍്യൂ, ഹൈവേ വകുപ്പ് അധികൃതർ വ‍്യാപാരികളോടും നാട്ടുകാരോടും ചർച്ച നടത്തി. റോഡ് അടിയന്തരമായി നന്നാക്കുന്നതിന് 3.15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടനെ ടെൻഡർ നടപടി പൂർത്തീകരിച്ച് അടുത്ത മാസംതന്നെ പ്രവൃത്തി തുടങ്ങുമെന്നും അധികൃതർ ഉറപ്പുനൽകി. ഇതോടെയാണ് തൽക്കാലത്തേക്ക് സമരം മാറ്റിവെച്ചത്.

Tags:    
News Summary - Nadukani Churam Road: 3.15 crore sanctioned by the authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.