നിലമ്പൂർ: അടിയുറച്ച നിലപാടുകളിലൂടെ ഏഴ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവിന് അന്ത്യാഞ്ജലിയേകാൻ ജനം ഒഴുകിയെത്തിയതോടെ രാവുറങ്ങാതെ നിലമ്പൂർ. ആര്യാടൻ മുഹമ്മദ് എന്ന നേതാവ് നാടിന് എത്രമാത്രം പ്രിയപ്പെട്ട വ്യക്തിയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു വസതിയിലേക്ക് പകലും രാത്രിയുമെത്തിയ ജനക്കൂട്ടം. മൃതദേഹം പുറത്തേക്കെടുക്കുമ്പോഴും ഒരുനോക്ക് കാണാൻ സ്ത്രീകളുൾപ്പെടെ ഓടിയെത്തി. പൊതുദർശനം അവസാനിപ്പിച്ച് രാവിലെ ഒമ്പതിനുതന്നെ സംസ്കാര ചടങ്ങുകൾക്ക് മൃതദേഹം വീടിന് പുറത്തെടുത്തു. ''ചങ്കേ.. കരളേ... ആര‍്യാടാ.. ഇല്ല നിങ്ങൾ മരിച്ചിട്ടില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ...'' ആ നിമിഷം മുറ്റത്ത് തിങ്ങിനിറഞ്ഞു നിന്ന കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽനിന്ന് ഉച്ചത്തിൽ മുദ്രാവാക‍്യമുയർന്നു. മുഷ്ടി ചുരുട്ടി നൂറുകണക്കിന് ആളുകൾ അതേറ്റുചൊല്ലി. അതുവരെ വിതുമ്പലടക്കി നിന്നവരിൽ പലരും കണ്ണീർവാർത്തു.
വീട്ടുമുറ്റത്ത് പൊലീസ് സല‍്യൂട്ടിന് ശേഷം മുക്കട്ട വലിയ ജുമാമസ്ജിദിലേക്ക് പുറപ്പെട്ട വിലാപയാത്ര കാണാൻ വഴിയിലുടനീളം ജനം തടിച്ചുകൂടിയിരുന്നു.
മക്കളായ ഷൗക്കത്തും റിയാസ് അലിയും മയ്യിത്ത് കട്ടിൽ പിടിച്ച് മുന്നിൽ നടന്നു. ആയിരങ്ങളാണ് വിലാപയാത്രയിൽ കൂടെയുണ്ടായിരുന്നത്. പത്തോടെ പള്ളിയിലെത്തി. പള്ളിക്ക് പുറത്തേക്ക് മൃതദേഹം എടുത്തപ്പോഴും മുദ്രാവാക്യം വിളികളുയർന്നു. സർക്കാറിനെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരായ വി. അബ്ദുറഹിമാനും എ.കെ. ശശീന്ദ്രനും കലക്ടർ പ്രേംകുമാറും മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റ് നേതാക്കളും പള്ളിയങ്കണത്തിൽ എത്തിയിരുന്നു. ഗാർഡ് ഓഫ് ഓണർ കഴിഞ്ഞ് 11.30ഓടെ ഖബറടക്കി. കേരള രാഷ്ട്രീയത്തിലെ ചാണക‍്യൻ, നാട്ടുകാരുടെ കുഞ്ഞാക്ക ഇനി ഓർമകളുടെ മുറ്റത്ത്.
നാട് വിതുമ്പി; ആര്യാടൻ ഇനി ജ്വലിക്കുന്ന ഓർമ
നിലമ്പൂർ: കരുത്തുറ്റ നേതൃത്വത്തിലൂടെ അണികളുടെയും നാടിന്റെയും മനസ്സ് കീഴടക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് നിറകണ്ണുകളോടെ യാത്രാമൊഴി.
ഔദ്യോഗിക ബഹുമതികളോടെ നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാവിലെ 11ന് ഖബറടക്കി. മൂന്നുതവണ മന്ത്രിയായ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ സംസ്ഥാന സർക്കാറിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.
രാവിലെ ഒമ്പതിന് വീട്ടിൽനിന്ന് പുറത്തേക്കെടുത്ത മൃതദേഹം തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ മുറ്റത്തേക്ക് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങൾ വികാരാന്തരീക്ഷം സൃഷ്ടിച്ചു. മുറ്റത്ത് പൊലീസ് ജനറൽ സല്യൂട്ട് നൽകി. ആയിരക്കണക്കിന് ആളുകൾ വിലാപയാത്രയിലും സംസ്കാര ചടങ്ങിലും പങ്കെടുത്തു. മൂന്നര കി.മീറ്ററോളം കാൽനടയായാണ് മുക്കട്ട പള്ളിയിലേക്ക് മൃതദേഹമെത്തിച്ചത്. നമസ്കാരശേഷം ഖബർസ്ഥാനിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ഞായറാഴ്ച പുലർച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായ നിലമ്പൂരുകാരുടെ കുഞ്ഞാക്കക്ക് അേന്ത്യാപചാരമർപ്പിക്കാൻ മന്ത്രിമാരും നേതാക്കളും പ്രവർത്തകരുമടക്കം ആയിരങ്ങളാണ് രണ്ട് ദിവസത്തിലായി എത്തിയത്.
സംസ്ഥാന സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, എ.കെ. ശശീന്ദ്രൻ, കലക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, കെ.സി. ജോസഫ്, പന്തളം സുധാകരൻ, ബെന്നി ബഹനാൻ എം.പി എന്നിവരും സംബന്ധിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം തുടങ്ങിയവർ തിങ്കളാഴ്ച വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.