നിലമ്പൂർ: നിർദിഷ്ട ബൈപാസിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നിലമ്പൂരിലെത്തി. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ ജ്യോതിപ്പടിയിൽനിന്ന് വെളിയംതോട് വരെ നിർമിക്കുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്ന ഏജൻസി നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താനാണ് വിദഗ്ധ സമിതി നിലമ്പൂരിലെത്തിയെത്.
നിലമ്പൂർ നഗരസഭ കൗൺസിൽ ഹാളിൽ യോഗം ചേരുകയും പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥലപരിശോധന നടത്തുകയും ചെയ്തു. ആറ് കിലോമീറ്റർ ബൈപാസ് നിർമിക്കാൻ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 151 ഭൂവുടമകളെയാണ് പദ്ധതി ബാധിക്കുന്നത്. ഇവരിൽ 77 പേർക്ക് പാർപ്പിട ഭൂമിയാണുള്ളത്. 2.4 കിലോമീറ്റർ ബൈപാസ് നിർമാണത്തിനായുള്ള ഭൂമി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ഈ ഭാഗങ്ങളിലെ റോഡ് ഫോർമേഷൻ പൂർത്തിയായിട്ടുണ്ട്. വിദഗ്ധസമിതിയുടെ യോഗത്തിനും തുടർന്നുള്ള സ്ഥലപരിശോധനക്കും ചെയർമാൻ ഡോ. എം. ഉസ്മാൻ നേതൃത്വം നൽകി. സമിതി അംഗങ്ങളായ ഡോ. ആർ. സാജൻ, സ്പെഷൽ തഹസിൽദാർ പി. വിജയകുമാരൻ, പൊതുമരാമത്ത് അസി. എൻജിനീയർ സി.ടി. മുഹ്സിൻ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, കൗൺസിലർമാരായ കക്കാടൻ റഹീം, പി. ഗോപാലകൃഷ്ണൻ, വി.ആർ. സൈജു മോൾ, ഉദ്യോഗസ്ഥരായ ഒ. സച്ചിൻ, എം. വിനോദ്, എസ്. അജിത് കുമാർ, വി.എസ്. സിബിൻ തുടങ്ങിയവർ നടപടിക്രമങ്ങളിൽ പങ്കെടുത്തു.
ഇതിനകം ഭൂമി ഏറ്റെടുത്തുകഴിഞ്ഞ ഒന്നാംഘട്ടത്തിന്റെ അടിയന്തര പൂർത്തീകരണത്തിനും ഭൂമി നഷ്ടപ്പെടുന്ന മുഴുവൻ പേർക്കും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പരമാവധി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന രീതിയിൽ സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.