നിലമ്പൂർ: ജില്ല ആശുപത്രി മാതൃ-ശിശു ബ്ലോക്കിന്റെ പുതിയ പ്രോജക്ട് നിർമാണോദ്ഘാടനം പി.വി. അൻവർ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നസീബ അസീസ്, എൻ.എ. കരീം, ആശുപത്രി സൂപ്രണ്ട് ഡോ. പി. ഷിനാസ് ബാബു തുടങ്ങിയവർ സംസാരിച്ചു.
ദേശീയ ആരോഗ്യദൗത്യത്തിൽ 2014ൽ നാല് നില കെട്ടിടത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. ബി.എസ്.എൻ.എൽ സിവിൽ എൻജിനീയറിങ് വിഭാഗമായിരുന്നു അന്ന് കരാറെടുത്തത്. 2016ൽ നിർമാണം തുടങ്ങി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു.
എന്നാൽ, പല കാരണങ്ങളാൽ നിർമാണം നീണ്ടു. 30 ശതമാനം പൂർത്തിയായപ്പോൾ ഉപകരാറുകാർ പ്രവൃത്തി നിർത്തിവെച്ചു. പുതിയ എസ്റ്റിമേറ്റ് പ്രകാരം കെട്ടിട നിർമാണം പൂർത്തിയാക്കാൻ 16.5 കോടി ചെലവ് ഉയർന്നു. നേരത്തെ അനുവദിച്ച തുകയിൽ 6.5 കോടി രൂപ ബാക്കിയുണ്ട്. 10 കോടി രൂപ കൂടി എൻ.എച്ച്.എം അനുവദിച്ചു. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ആണ് നിലവിൽ കരാറെടുത്തത്. വള്ളിക്കുന്ന് സ്വദേശി കെ. മണികണ്ഠനാണ് ഉപകരാറെടുത്തത്. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കണം. വയറിങ്, അഗ്നിരക്ഷ സംവിധാനം എന്നിവ നിലവിലെ എസ്റ്റിമേറ്റിൽ ഇല്ല. അതിനായി രണ്ട് കോടി രൂപ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.