നിലമ്പൂർ: സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന നിലമ്പൂർ ജില്ല ആശുപത്രിക്കായി സമീപത്തെ ഗവ. യു.പി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി വൈകുന്നു. ആശുപത്രിയോട് ചേർന്നുള്ള സ്കൂളിന്റെ ഭൂമി ഏറ്റെടുത്ത് കെട്ടിട സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ പി.വി. അൻവറാണ് ആദ്യം രംഗത്ത് വന്നത്. വീട്ടിക്കുത്ത് എൽ.പി സ്കൂളിനെ യു.പി സ്കൂളായി ഉയർത്തി അവിടേക്ക് ഗവ.യു.പി സ്കൂളിലെ കുട്ടികളെ മാറ്റി പ്രശ്നം പരിഹരിക്കാമെന്ന് എം.എൽ.എ നിർദേശം വെച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ യു.ഡി.എഫ് നഗരസഭ ഭരണസമിതിക്ക് എം.എൽ.എ പ്രൊപ്പോസൽ നൽകുകയും ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല.
നഗരസഭയിൽ എൽ.ഡി.എഫ് ഭരണത്തിലേറിയതോടെ ഏറ്റെടുക്കൽ നടപടി എം.എൽ.എ വീണ്ടും സജീവമാക്കി. സാംക്രമിക രോഗങ്ങൾ കൂടിയ കാലത്ത് ആശുപത്രിക്ക് സമീപം സ്കൂൾ പ്രവർത്തിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിനും ഭീഷണിയാണെന്ന വിലയിരുത്തലുണ്ടായി. ഭൂമി ഏറ്റെടുക്കലിന് പുതിയ നഗരസഭ രംഗത്ത് വന്നു. ജില്ല പഞ്ചായത്തിന് കീഴിലാണ് ജില്ല ആശുപത്രി പ്രവർത്തനം. ആശുപത്രി മാനേജ് മെന്റ് കമ്മറ്റി യോഗത്തിൽ സ്കൂൾ ഭൂമി ഏറ്റെടുക്കൽ ചർച്ചയായെങ്കിലും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ട് കോൺഗ്രസ് എതിർത്തു. വീട്ടിക്കുത്ത് സ്കൂൾ അപ്ഗ്രഡ് ചെയ്ത് അവിടേക്ക് യു.പി സ്കൂളിലെ കുട്ടികളെ മാറ്റുന്ന നടപടിക്ക് ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കാൻ പാടുള്ളൂവെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. എന്നാൽ, മുസ് ലിം ലീഗ് ഭൂമി ഏറ്റെടുക്കാനുള്ള നഗരസഭ തീരുമാനത്തെ അനുകൂലിച്ചു.
ഇതോടെ സ്കൂൾ ഭൂമി വിട്ടുകിട്ടാൻ പി.വി. അബ്ദുൾ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. നഗരസഭ ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. സ്കൂൾ വിട്ടുകിട്ടുന്ന കാര്യം പരിശോധിച്ച് വേണ്ട സത്വര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. സ്കൂളിന്റെ ഭൂമിവിട്ടുകിട്ടുന്ന മുറക്ക് രണ്ടര ഏക്കർ സ്ഥലം ആശുപത്രിക്കായി ഏറ്റെടുക്കാം. ദിവസേന ആയിരത്തിലധികം രോഗികളാണ് ജില്ല ആശുപത്രിയെ ആശ്രയിക്കുന്നത്. ആദിവാസി മേഖലകൂടിയായതിനാൽ കൂടുതൽ പരിഗണന ആതുരാലയത്തിന് ലഭിക്കേണ്ടതുണ്ട്. ഭൂമി ലഭ്യമായാൽ ആശുപത്രിയുടെ വികസനത്തിന് ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.