നിലമ്പൂർ: നിലമ്പൂർ-നായാടംപൊയിൽ മലയോര ഹൈവേയിൽ ഉൾപ്പെട്ട മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗങ്ങളിലെ സ്ഥലമെടുപ്പ് സർവേക്ക് മുന്നോടിയായി പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഈ മാസം 16ന് മൈലാടിയിൽനിന്ന് സർവേ തുടങ്ങാൻ തീരുമാനിച്ചതായി എം.എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ സംസ്ഥാന സർക്കാർ 128 കോടി അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്.
12 മീറ്റർ വീതിയിലായിരിക്കും റോഡിന്റെ നവീകരണ പ്രവൃത്തി. കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, റവന്യൂ വിഭാഗങ്ങളും ചേർന്നാണ് സർവേ നടത്തുക. ഭൂമി സൗജന്യമായാണ് നൽകേണ്ടത്. വിട്ടുനൽകുന്ന ഭൂമിയിൽ മരങ്ങൾ ഉണ്ടെങ്കിൽ സ്ഥലം ഉടമക്ക് മുറിച്ചെടുക്കാം. കെട്ടിട ഭാഗങ്ങൾ, ഗേറ്റ് എന്നിവ പൊളിച്ചുനീക്കുമ്പോൾ അവ പുനർനിർമിക്കാനുള്ള ഫണ്ട് നൽകും. നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയാകും ലഭിക്കുക.
റോഡ് കടന്നുപോകുന്ന ഭാഗത്ത് ഒരു വീട് പോലും നഷ്ടമാകില്ല. അകമ്പാടം ടൗണിൽ 23 കെട്ടിടങ്ങളുടെ കുറച്ച് ഭാഗങ്ങൾ പൊളിക്കേണ്ടി വരും. ഇതിന് നഷ്ടപരിഹാരം നൽകും. രണ്ട് വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സർവേ പൂർത്തിയായാൽ ടെൻഡർ നടപടിയിലേക്ക് നീങ്ങും.
മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെ സ്ഥലം വിട്ടുനൽകാൻ സ്ഥലം ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്നും എം.എൽ.എ പറഞ്ഞു. കെ.ആർ.എഫ്.ബി പാലക്കാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബ്രൂസൺ ഹാരോൾഡ് പദ്ധതി വിശദീകരിച്ചു. റോഡിന്റെ നവീകരണത്തിന് മൂന്ന് ഹെക്ടർ വനഭൂമി വേണം. ഇതിന് പകരമായി ഭൂമി സർക്കാർ കീഴാറ്റൂരിൽ കണ്ടെത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ റോഡിന് ആവശ്യമായി വരും. രണ്ട് ഭാഗത്തുനിന്നും ഒരുപോലെയാകും സ്ഥലം ഏറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, വൈസ് പ്രസിഡൻറ് ഗീത ദേവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ തോണിയിൽ സുരേഷ്, ബീന ജോസഫ്, കെ.എ.എഫ്.ബി അസി. എൻജിനീയർ പ്രിൻസ് ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.