നിലമ്പൂർ-ഷൊർണൂർ ട്രെയിനുകളുടെ സമയമാറ്റം: സി.പി.എം പ്രക്ഷോഭത്തിലേക്ക്‌

നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിലെ ട്രെയിൻ സർവിസുകളുടെ സമയക്രമം യാത്രക്കാർക്ക്‌ ഉപകാരപ്രദമാകും വിധം പുനഃക്രമീകരിക്കണമെന്നാവശ‍്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിലേക്ക്‌. ഈ മാസം 23ന്‌ വൈകീട്ട്‌ നാലിന്‌ നിലമ്പൂർ, വാണിയമ്പലം, മേലാറ്റൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകൾക്ക്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. കോവിഡിന്‌ മുമ്പുണ്ടായിരുന്ന സർവിസുകൾ പുനഃസ്ഥാപിക്കുമ്പോൾ പഴയ സമയക്രമം പാലിക്കുക, പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക, പാതയുടെ സ്വകാര്യവത്കരണ നീക്കത്തിൽനിന്ന്‌ റെയിൽവേ പിന്മാറുക, രാജ്യറാണി എക്‌സ്‌പ്രസ് സർവിസ്‌ തിരുവനന്തപുരം സെൻട്രൽ വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് പ്രക്ഷോഭം.

ആകെയുണ്ടായിരുന്ന 14 സർവിസിൽ 12 എണ്ണമാണ്‌ പുതുക്കിയ സമയക്രമത്തിൽ പുനരാരംഭിച്ചത്‌. ഇതാകട്ടെ, യാത്രക്കാർക്ക്‌ ഗുണകരമല്ലാത്ത രീതിയിലുമാണ്‌. കോവിഡിന് മുമ്പ്‌ നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ ഏഴിനുണ്ടായിരുന്ന സർവിസ്‌ പുനഃസ്ഥാപിക്കുമ്പോൾ നിലമ്പൂരിൽനിന്ന് അതിരാവിലെ പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്‌. അതിരാവിലെ യാത്ര ആരംഭിച്ചാൽ ഷൊർണൂരിൽനിന്ന് ജനശതാബ്ദി പോലുള്ള ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കും. എന്നാൽ, പുലർച്ച നിലമ്പൂർ സ്റ്റേഷനിലേക്ക് എത്താൻ ബസുകളില്ലെന്ന്‌ റിപ്പോർട്ട്‌ നൽകുകയാണ്‌ പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ ചെയ്തത്‌. പുലർച്ച നിലമ്പൂർ സ്റ്റേഷനിലേക്ക് സർവിസ് നടത്താമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടും റെയിൽവേ പരിഗണിച്ചില്ലെന്നും കമ്മിറ്റി ആരോപിച്ചു.

വി. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എൻ. മോഹൻദാസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പാലോളി മുഹമ്മദ്‌കുട്ടി പങ്കെടുത്തു.

Tags:    
News Summary - Nilambur-Shornur trains rescheduled: CPM to agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.