നിലമ്പൂർ: ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ശേഷം തമിഴ്നാട്, കർണാടക സർക്കാറുകൾ അതിർത്തികളിൽ പരിശോധന വീണ്ടും ശക്തമാക്കി. തമിഴ്നാട്ടിൽ അന്തർ സംസ്ഥാന യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെങ്കിലും കർണാടക നിയമം വീണ്ടും കർശനമാക്കി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലമുള്ള യാത്രക്കരെ മാത്രമേ കർണാടക അതിർത്തി കടത്തിവിടുന്നുള്ളൂ.
കക്കനഹള്ള ചെക്ക്പോസ്റ്റിൽ കർശന പരിശോധനയാണുള്ളത്. ഇതോടെ സ്വകാര്യ ലാബിലും ആശുപത്രികളിലും ആർ.ടി.പി.സി.ആർ പരിശോധനക്ക് സ്രവം കൊടുക്കുന്നവർ വെട്ടിലായി. മലപ്പുറം ജില്ലയിൽ സാമ്പിൾ കൊടുക്കുന്നവരുടെ പരിശോധന നടക്കുന്നത് കോഴിക്കോട്ടാണ്. രാവിലെ ഒമ്പതിന് സ്രവം നൽകിയാലും സ്വകാര്യ ലാബുകളും ആശുപത്രികളും രാത്രിയാണ് ഇവ കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കുന്നത്. രാത്രി 12ന് ശേഷമാണ് സാമ്പിൾ കോഴിക്കോട്ട് ലഭിക്കുന്നത്. ആർ.ടി.പി.സി.ആർ റിപ്പോർട്ടിൽ സ്രവം പരിശോധനക്ക് ലഭിച്ച സമയം കൃത്യമായി രേഖപ്പെടുത്തണം. പരിശോധന റിപ്പോർട്ടിൽ രാത്രി 12ന് ശേഷമാണ് ശേഖരണ സമയം കാണിക്കുന്നത്.
ഇത് കർണാടകയിലെ ചെക്ക്പോസ്റ്റിൽ ചോദ്യം ചെയ്യപ്പെടുകയാണ്. അർധരാത്രിയിൽ എങ്ങനെയാണ് കോഴിക്കോട്ടെത്തി സാമ്പിൾ നൽകുന്നതെന്നാണ് ചോദ്യം. കാര്യങ്ങൾ വിശദമാക്കിയാലും ചെക്ക്പോസ്റ്റ് അധികൃതർ വഴങ്ങുന്നില്ല. കേരളത്തിൽനിന്നുള്ള പലർക്കും ഇതിനാൽ മടങ്ങേണ്ടി വരുന്നു. വ്യാഴാഴ്ച മൈസൂരുവിലേക്ക് കുടുംബസമ്മേതം പുറപ്പെട്ട നിലമ്പൂരിലെ കുടുംബത്തെ ഇതേ കാരണത്താൽ മടക്കിയയച്ചു. മലപ്പുറം ജില്ലയിൽ സ്വകാര്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന സംവിധാനത്തിന്റെ കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.