നിലമ്പൂർ: ഓണ്‍ലൈന്‍ ആപ് വായ്പ തട്ടിപ്പുസംഘങ്ങള്‍ പിടിമുറുക്കിയതോടെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രളയം. തട്ടിപ്പ് സംഘങ്ങളുടെ കെണിയിലകപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്തത്. ആപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ബാങ്ക് അഡ്രസുകള്‍ ഇതര സംസ്ഥാനക്കാരുടെയാണ്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സൈബര്‍ പൊലീസ് പറയുന്നു. പരാതിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ലോണെടുത്തവരിൽ പലരും വായ്പ തുകയുടെ ഇരട്ടി തിരിച്ചടച്ചിട്ടും ഭീഷണി തുടരുകയാണ്.
പണം അടച്ചിട്ടും വ്യാജ പ്രൊഫൈലുകളില്‍ നിന്നടക്കം നവമാധ്യമ അക്കൗണ്ടുകളിലേക്ക് ഫോട്ടോ മോര്‍ഫ് ചെയ്തയച്ച് വീണ്ടും പണം വാങ്ങാനുള്ള ശ്രമങ്ങളും ആപ്പുകാര്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ കെണിയിലകപ്പെടുന്നവര്‍ ഇരുചെവിയറിയാതെ ചോദിച്ച പണം നല്കി വായ്പക്കാരില്‍നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ട്. തട്ടിപ്പിനിരയായ വഴിക്കടവ് സ്വദേശിയായ ഒരാൾ ഫോണ്‍ നമ്പറടക്കം മാറ്റി വാട്സ്ആപ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചു. പഠനത്തിനും മറ്റും വായ്പയെടുത്ത് വെട്ടിലായ വിദ്യാർഥികളുമുണ്ട്.
പറഞ്ഞ തീയതിയില്‍ പലിശയടക്കം തിരിച്ചടച്ചിട്ടും ആപ്പുകാരുടെ ഭീഷണി തുടർന്നതിനാൽ ഇരട്ടി തുക നൽകേണ്ടിവന്നു. വായ്പ സമയത്ത് നല്കിയ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ഭീഷണി. നൽകിയ ഫോട്ടോയും രേഖകളും ഇടപാട് കഴിഞ്ഞിട്ടും തിരികെ ലഭിക്കുന്നില്ലെന്ന പരാതിയും സൈബര്‍ വിഭാഗത്തിലുണ്ട്. സാമ്പത്തികാവശ്യങ്ങള്‍ക്ക് ഒരിക്കല്‍പോലും ഇത്തരം ഫിന്‍ടെക് കമ്പനികളെ ആശ്രയിക്കരുതെന്ന് സൈബര്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ആളുകൾ ഗൗരവമായി കാണുന്നില്ല.
അപേക്ഷകരുടെ മൊബൈല്‍ ഫോണ്‍ കോണ്ടാക്ട് ലിസ്റ്റ്, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നൽകുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ് ആവർത്തിച്ച് പറയുന്നുണ്ട്. അധിക ജാമ്യമൊന്നും ഇല്ലാതെ പെട്ടെന്ന് വായ്പ ലഭിക്കുമെന്നതും പലിശ കുറവാണെന്നതുമാണ് ഓൺലൈൻ വായ്പയിലേക്ക് ആളുകളെ ആകർഷിക്കപ്പെടുന്നത്. പിന്നീടാണ് ചതിക്കുഴി തിരിച്ചറിയുന്നത്. എടവണ്ണ, നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ് സ്റ്റേഷനുകളിലെല്ലാം ഓൺലൈൻ തട്ടിപ്പിനിരയായവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയാകുന്നവർ പൊലീസിന്റെ എമർജൻസി റെസ്പോൺസ് നമ്പറായ 1930ൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.