കരുവാരകുണ്ട്: അപരനുണ്ടാക്കുന്ന പൊല്ലാപ്പിൽനിന്ന് ഒരിക്കൽ കൂടി ആശ്വാസം നേടി അബൂബക്കർ. അറസ്റ്റ് വാറൻറുകളും സമൻസുകളുംകൊണ്ട് 12 വർഷമായി സഹികെട്ട കരുവാരകുണ്ടിലെ ഒ.പി. അബൂബക്കറിന് യഥാർഥ പ്രതി പിടിയിലായതോടെയാണ് ആശ്വാസമായത്. എടക്കര സ്വദേശിയും തരിശ് മാമ്പറ്റയിലെ താമസക്കാരനുമായ ഓട്ടുപാറ അബൂബക്കറിനെ (58) കഴിഞ്ഞ ദിവസമാണ് കരുവാരകുണ്ട് പൊലീസ് പിടികൂടി എടക്കര പൊലീസിന് കൈമാറിയത്.
മദ്യപിച്ച് ശല്യം ചെയ്യൽ, പിടിച്ചുപറി, വണ്ടിച്ചെക്ക് നൽകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അബൂബക്കർ. എടക്കര, വണ്ടൂർ, നിലമ്പൂർ, കാളികാവ്, പെരിന്തൽമണ്ണ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുമുണ്ട്. എന്നാൽ, ഇയാൾക്കെതിരായ വാറൻറ്, സമൻസ് എന്നിവ കൊണ്ടെല്ലാം പൊലീസെത്താറുള്ളത് തരിശ് മാമ്പറ്റയിലെ സാമൂഹിക പ്രവർത്തകനായ മറ്റൊരു അബൂബക്കറിെൻറ വീട്ടിലാണ്. 10 തവണ ഇതിനകം ഇദ്ദേഹത്തിെൻറ വീട്ടിൽ പൊലീസെത്തി.
ഇരുവരുടെയും പേര്, വീട്ടുപേര്, പിതാവിെൻറ പേര്, മേൽവിലാസം എന്നിവയെല്ലാം ഒന്നു തന്നെയാണ്. വയസ്സിൽ മാത്രമാണ് മാറ്റമുള്ളത്. അപരനെക്കൊണ്ട് പൊറുതിമുട്ടിയതോടെ അബൂബക്കർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
2005ൽ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസിൽ അറസ്റ്റ് വാറൻറുമായാണ് രണ്ടാഴ്ച മുമ്പ് എടക്കര പൊലീസ് അബൂബക്കറിനെ തേടിയെത്തിയത്. പ്രതി അപരനാണെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിൻവാങ്ങി.വെള്ളിയാഴ്ചയാണ് യഥാർഥ പ്രതി കരുവാരകുണ്ട് പൊലീസിെൻറ പിടിയിലായതും എടക്കര പൊലീസിന് കൈമാറിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.