നിലമ്പൂർ: നഗരസഭ നടപ്പാക്കിയ കുറ്റി കുരുമുളക് വിതരണ പദ്ധതിയിൽ അഴിമതി നടത്തിയെന്ന പരാതിയിൽ കൃഷി വകുപ്പ് സ്പെഷൽ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് നിന്നെത്തിയ ഉദ്യോഗസ്ഥർ നിലമ്പൂർ കൃഷിഭവനിലെത്തി തെളിവെടുത്തു. നഗരസഭ 2022 - 23 വർഷം നടപ്പാക്കിയ പദ്ധതിയെക്കുറിച്ചാണ് പരാതി ഉയർന്നത്. 5000 കുടുംബങ്ങൾക്ക് രണ്ട് തൈകൾ വീതം വിതരണം ചെയ്യാൻ 10 ലക്ഷം രൂപയാണ് നീക്കിവെച്ചത്.
പിന്നീട് പദ്ധതി പുതുക്കി 1.20 ലക്ഷം കൂടി അനുവദിച്ചു. സർക്കാർ ഫാം അല്ലെങ്കിൽ ഹോർട്ടികോർപിന്റെ അംഗീകൃത നഴ്സറികളിൽ നിന്നോ തൈകൾ വാങ്ങണമെന്നാണ് ചട്ടം. മാനദണ്ഡം ലംഘിച്ച് കൂടിയ വിലയ്ക്ക് തൈകൾ വാങ്ങി അഴിമതി നടത്തിയെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബാണ് പരാതി നൽകിയത്.
വിജിലൻസ് ഉദ്യോഗസ്ഥർ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കൃഷി ഓഫിസർ ഉമ്മർകോയയുടെ മൊഴിയെടുത്തു. പദ്ധതി പുതുക്കിയതിനുള്ള നഗരസഭ തീരുമാനം, സർക്കാർ ഫാമുകൾ, അംഗീകൃത നഴ്സറികൾ എന്നിവയിൽ തൈകൾ ലഭ്യമല്ലായിരുന്നു എന്നതിനുള്ള രേഖ എന്നിവ ഹാജരാക്കാൻ നിർദ്ദേശം നൽകിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം ഓംബുഡ്സ്മാൻ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നഗരസഭയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.എം. ബഷീർ, നഗരസഭ സെക്രട്ടറി ജി. ബിനുജി, കൃഷി ഓഫിസർ ഉമ്മർകോയ എന്നിവരുടെ മൊഴി എടുത്തിരുന്നു. ഇവരെ എതിർകക്ഷികളാക്കിയാണ് പാലോളി മെഹബൂബ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.