നിലമ്പൂർ: പി.എം.ജെ.വി.കെ പദ്ധതിയില്‍ നിലമ്പൂർ ബ്ലോക്കിൽ അനുവദിച്ച കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിലമ്പൂർ യതീംഖാന കാമ്പസിൽ നടന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയിലൂടെ നിലമ്പൂര്‍ ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കിലേക്ക് അനുവദിച്ച 18 കോടിയുടെ സ്കില്‍ ഡെവലപ്മെന്റ് സെൻററിന്റെയും പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെയും ശിലാസ്ഥാപനമാണ് നടന്നത്. കേന്ദ്ര വിദേശകാര്യ പാർലമെന്ററി വകുപ്പ് മന്ത്രി വി. മുരളീധരൻ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിച്ചു.
കേരളത്തിൽ മാത്രം 41 കോടി രൂപ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നരേന്ദ്ര മോദി സർക്കാർ അനുവദിച്ചു. 8340 കോടി രൂപ ന്യൂനപക്ഷ സ്കോളർഷിപ്പുകളായി നൽകി. കേരളത്തിൽ പോസ്റ്റ്മെട്രിക്, പ്രീ മെട്രിക് സ്കോളർഷിപ് വിഭാഗങ്ങളിൽ 150 ശതമാനം വർധന കേരളത്തിന് നൽകാനായെന്നും മന്ത്രി പറഞ്ഞു.പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം പി.വി. അബ്ദുൽ വഹാബ് എം.പി നിര്‍വഹിച്ചു. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എം.പി, വി. ശിവദാസൻ എം.പി എന്നിവർ മുഖ്യാതിഥികളായി. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചര്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ എ.എം. ജാഫര്‍, സംസ്ഥാന വഖഫ് സി.ഇ.ഒ ബി.എം. ജമാല്‍, ജില്ല ഡെവലപ്മെന്റ് കമീഷണർ എസ്. പ്രേം കൃഷ്ണൻ, സെൻട്രൽ വഖഫ് കൗൺസിൽ പ്രതിനിധി അതാവു റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹില്‍ അകമ്പാടം, വാര്‍ഡംഗം കെ. വിശ്വനാഥന്, ബി.ഡി.ഒ എ.ജെ. സന്തോഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. മുഹമ്മദാലി, പി.വി. അലി മുബാറക്ക്, കല്ലട കുഞ്ഞിമുഹമ്മദ്, ഇ. പത്മാക്ഷൻ, ഹാരിസ് ആട്ടീരി, പ്രവീൺ കുമാർ, എ. സരള തുടങ്ങിയവർ സംസാരിച്ചു. 7.92 കോടി രൂപയുടെ സ്കില്‍ ഡെവലപ്മെന്റ് സെന്ററും 9.97 കോടി രൂപയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുമാണ് അനുവദിച്ചത്.
കേന്ദ്ര-സംസ്ഥാന നൈപുണ്യ മന്ത്രാലയങ്ങളുടെ കോഴ്സുകള്‍ താമസ സൗകര്യത്തോടു കൂടി സ്കില്‍ ഹബ് എന്ന നിലയില്‍ നിലമ്പൂര്‍ യതീംഖാനയിലെ വഖഫ് ഭൂമിയിലാണ് ഇവ നിര്‍മിക്കുക. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവര്‍ഗ, പട്ടികജാതി, മറ്റു നിര്‍ധനരായ ജനവിഭാഗങ്ങള്‍ക്കും നൈപുണ്യ വികസനത്തിനുള്ള കേന്ദ്രമാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.