നിലമ്പൂർ: നാടുകാണി ചുരം മേഖലയിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്കും മനുഷ്യനും ഭീഷണിയാവുന്നതായി ‘മാധ്യമം’ നൽകിയ വാർത്തയെ തുടർന്ന് ഗ്രാഫ് (ഗ്രീൻ റെസ്ക്യൂ ആക്ഷൻ ഫോഴ്സ്) എന്ന സംഘടന ചുരത്തിലെത്തി ശേഖരിച്ചത് 168 ചാക്ക് പ്ലാസ്റ്റിക് മാലിന്യം. വെള്ളിയാഴ്ചയാണ് ചുരം വനമേഖലയിൽ യാത്രക്കാർ വലിച്ചെറിയുന്നതും തള്ളുന്നതുമായ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയത്. പത്രത്തിലൂടെ വിവരം അറിഞ്ഞാണ് ഗ്രീൻ റെസ്ക്യൂ ഫോഴ്സിലെ സ്ത്രീകൾ ഉൾെപ്പടെ 75ഓളം അംഗങ്ങളടങ്ങിയ സേന ഞായറാഴ്ച രാവിലെ ചുരത്തിലെത്തിയത്. പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ തമിഴ്നാട് അതിർത്തിയിൽനിന്ന് സംഘം മാലിന്യം ശേഖരിക്കാൻ തുടങ്ങി.
പ്രധാനമായും ചോലകൾ കേന്ദ്രീകരിച്ചുള്ള വനമേഖലയാണ് ഇവർ ലക്ഷ്യം വെച്ചത്. ഈ ചോലകളിലെ വെള്ളമാണ് താഴ് വാരത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്നത്. യാത്രക്കാർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് കാട്ടാന ഉൾെപ്പടെയുള്ള വന്യജീവികൾക്ക് ഭീഷണിയാവുന്നുണ്ട്. ഗ്രാഫ് സംഘടനയിൽപ്പെട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമുള്ള അംഗങ്ങളും ശുചീകരണ പ്രവൃത്തിക്ക് എത്തിയിരുന്നു.
ചുരം റോഡ് ഭാഗത്തെ താഴ്ചയിലേക്ക് കയർ കെട്ടി ഇറങ്ങിയാണ് ചാക്കുകളിൽ മാലിന്യം ശേഖരിച്ചത്. സ്വന്തം പണം ചെലവഴിച്ചാണ് സേന അംഗങ്ങൾ ശുചീകരണ പ്രവർത്തനത്തിനെത്തിയെത്. ശേഖരിച്ച മാലിന്യം തരംതിരിച്ച് പഞ്ചായത്തിലെ ഹരിത കർമ സേനക്ക് കൈമാറി.
രാവിലെ ഒമ്പതിന് തുടങ്ങിയ ശുചീകരണ പ്രവൃത്തി വൈകുന്നേരം മൂന്നോടെ അവസാനിച്ചു. വനം വകുപ്പും പഞ്ചായത്തും ചേർന്ന് കർശന നിയമനടപടി സ്വീകരിച്ചാൽ മാത്രമേ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ കഴിയൂവെന്ന് ഗ്രാഫ് സംഘടന ഭാരവാഹികൾ നിർദേശിച്ചു.
ശുചീകരണ പ്രവൃത്തി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി ജോസഫ്, സ്ഥിരംസമിതി ചെയർപേഴ്സൻമാരായ സിന്ധുരാജൻ, ജയ് മോൾ വർഗീസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. രാജേഷ്, ഗ്രാഫ് സംസ്ഥാന പ്രസിഡന്റ് രതീഷ് സൈലന്റ് വാലി, ജനറൽ സെക്രട്ടറി അഷ്റഫ് മാളിക്കുന്ന്, ട്രഷറർ വർഗീസ് വാഴയിൽ, മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിർദൗസ്, സെക്രട്ടറി ഫൗറോസ്, ജോയന്റ് സെക്രട്ടറി ആദർശ്, കമ്മിറ്റി അംഗം സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.