നിലമ്പൂർ (മലപ്പുറം): കോളനികളിലെ ഭൂമിപ്രശ്നം, കുടിവെള്ള പ്രശ്നം, വാസയോഗ‍്യമായ വീട്, അതിർത്തി തർക്കം, വഴിത്തർക്കം എന്നിവ പരിഹരിക്കണമെന്ന് ആവശ‍്യപ്പെട്ട് ആദിവാസി ഐക്യവേദി നേതൃത്വത്തിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ആദിവാസികൾ കുടിൽ കെട്ടി സമരം നടത്തുമെന്ന് സമരക്കാർ പറഞ്ഞു.
പാറക്കാട്, ഇടിവണ്ണ, കാട്ടുതായ് കോളനി നിവാസികളാണ് സമരത്തിൽ പങ്കെടുത്തത്. ഇടിവണ്ണയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിൽ ഭൂമിപ്രശ്നം മൂലം നിരവധി കുടുംബങ്ങളാണ് മറ്റ് കുടുംബങ്ങളെ ആശ്രയിച്ച് ജീവിക്കുന്നത്. പാറേക്കാട് കോളനിയിൽ അഞ്ച് കുടുംബങ്ങൾ വരെ ഒറ്റ വീട്ടിലാണ് താമസിക്കുന്നത്. പല വീടുകളിലും 20ലേറെ അംഗങ്ങൾ താമസിക്കുന്നുണ്ട്.
പെരുവമ്പാടം, അകമ്പാടം, പാറേക്കാട്, കാട്ടു തായ്, ഇടിവണ്ണ കോളനികളിലുൾപ്പെടെ ഭൂമിപ്രശ്നം സങ്കീർണമാണ്. വനം വകുപ്പ് ആദിവാസികൾക്ക് പതിച്ച് നൽകാൻ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമി ആദിവാസികൾക്ക് ഇനിയും നൽകിയിട്ടില്ല. കോളനികളിൽ ദുരിതപൂർണ ജീവിതമാണുള്ളത്. മാർച്ച് ദലിത് സമുദായ മുന്നണി ജില്ല ജോയന്‍റ് സെക്രട്ടറി അനീഷ് മരുത ഉദ്ഘാടനം ചെയ്തു.
ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.ആർ. ചിത്ര അധ‍്യക്ഷത വഹിച്ചു. ആദിവാസി ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിനു പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. തങ്കപ്പൻ പഞ്ചൻ, നീതു പാറേക്കാട്, ഉണ്ണി പാറേക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.