പൂക്കോട്ടുംപാടം: അമരമ്പലത്ത് അയൽക്കൂട്ടങ്ങൾ വഴി പണം സമാഹരിച്ച് വാങ്ങിയ പൾസ് ഓക്സിമീറ്റർ വിതരണോദ്ഘാടനത്തിന് എം.എൽ.എ എത്തിയില്ല.
കുടുംബശ്രീ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും പി.വി. അൻവർ എം.എൽ.എയുടെ എടവണ്ണ ഒതായിയിലുള്ള വീട്ടിലെത്തി വിതരണാദ്ഘാടനം നടത്തി.
സി.ഡി.എസിെൻറ ആഭിമുഖ്യത്തിൽ വിവിധ യൂനിറ്റുകളിൽ നിന്നായി 185 പൾസ് ഓക്സിമീറ്ററുകളാണ് വാങ്ങിയത്. ബുധനാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ വിതരണം നടത്താണ് അംഗങ്ങളെയും മാധ്യമപ്രവർത്തകരെയും അറിയിച്ചത്.
എം.എൽ.എ എത്തില്ലെന്നറിഞ്ഞതോടെ കുടുംബശ്രീ ചെയർപേഴ്സൻ മായ ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത രാജു, സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽ ഹമീദ് ലബ്ബ, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ ഹുസൈൻ, സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ, സി.ഡി.എസ് അംഗം എസ്. ധന്യ എന്നിവരടങ്ങിയ സംഘം എം.എൽ.എയുടെ വീട്ടിലെത്തി വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു.
അമരമ്പലത്ത് വിതരണം ചെയ്യാനുള്ള ഓക്സിമീറ്ററുകളണിവ. ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നാല് ഗ്രാമപഞ്ചായത്തുകൾ കടന്നുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഉദ്ഘാടന യാത്ര യു.ഡി.എഫ് വിവാദമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് പ്രതിഷേധിച്ചു
പൂക്കോട്ടുംപാടം: അമരമ്പലം കുടുംബശ്രീ യൂനിറ്റ് സമാഹരിച്ചു വാങ്ങിയ പൾസ് ഓക്സി മീറ്ററുകൾ കൈമാറാൻ കുടുംബശ്രീ പ്രതിനിധികളും ഭരണസമിതി അംഗങ്ങളും എടവണ്ണ ഒതായിയിലെ പി.വി. അൻവർ എം.എൽ.എയുടെ വസതിയിലെത്തി വിതരണോദ്ഘാടനം നടത്തിയതിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. അമരമ്പലം പഞ്ചായത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ പണം പിരിച്ച് പൾസ് ഓക്സിമീറ്ററുകൾ വാങ്ങിയത്.
ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നാലു പഞ്ചായത്തുകൾ കടന്ന് നടത്തിയ ഉദ്ഘാടന യാത്ര സാധാരണക്കാരെ വെല്ലുവിളിക്കുന്നതാണെന്നും യു.ഡി.എഫ് ഭരണ സമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഓക്സിമീറ്റർ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടത്താൻ എല്ലാ ഭരണസമിതി അംഗങ്ങളെയും മാധ്യമങ്ങളേയും പ്രസിഡൻറ് ക്ഷണിച്ചിരുന്നെങ്കിലും സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 10 മണിക്ക് പഞ്ചായത്ത് വാഹനത്തിൽ എം.എൽ.എയുടെ വീട്ടിലേക്ക് പോകുകയായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങളായ വി.കെ. ബാലസുബ്രമണ്യൻ, എം.ടി. നാസർ ബാൻ, നിഷാദ് പെട്ടേങ്ങൽ, നറുക്കിൽ വിഷ്ണു എന്നിവർ ആരോപിച്ചു. ഭരണ സമിതി യോഗത്തിലെ അജണ്ടയല്ല പിന്നീട് നടപ്പാക്കിയതെന്നും മഹാമാരി കാലമായതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് കേമ്പിൽ രവി, മുസ്ലിം ലീഗ് സെക്രട്ടറി പൊട്ടിയിൽ ചെറിയാപ്പു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.