നിലമ്പൂർ: നിലമ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഇനി കൊച്ചുവേളിയിലിറങ്ങി ദുരിതമനുഭവിക്കേണ്ട. നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയിൽ എത്തുമ്പോൾ തിരുവനന്തപുരം സെൻട്രലിലേക്ക് കണക്ഷൻ വണ്ടി എന്നോണം മറ്റൊരു പാസഞ്ചർ ട്രെയിൻ റെയിൽവേ അനുവദിച്ചു. 06428/06433 നാഗർകോവിൽ-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് വണ്ടികൾ മാർച്ച് ഒന്ന് മുതൽ കൊച്ചുവേളി വരെ നീട്ടിയാണ് റെയിൽവേ ഉത്തരവിറക്കിയത്.
രാജ്യറാണി എക്സ്പ്രസിൽ അർബുദ രോഗികൾ ഉൾപ്പെടെ നേരിടുന്ന യാത്രാദുരിതം പി.വി. അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ കൊച്ചുവേളിയിൽ എത്തുന്ന അർബുദ രോഗികൾ ഉൾപ്പെടെ വൻ തുക നൽകി ടാക്സി വിളിച്ചാണ് തിരുവനന്തപുരത്തേക്ക് പോയിരുന്നത്. ഈ ദുരിതത്തിന് അറുതിയാകും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും. റെയിൽവേ നടപടിയെ നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു.
രാജ്യറാണി എക്സ്പ്രസിൽ കൊച്ചുവേളിയിലെത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഹാരമെന്നോണം മൂന്ന് നിർദേശങ്ങളും നിരവധി തവണ റെയിൽവേ അധികാരികളോടും ജനപ്രതിനിധികളോടും കൗൺസിൽ ഉന്നയിച്ചതിന്റെ പരിഹാരം കൂടിയാണ് നടപടിയെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.