നിലമ്പൂർ: മഴപെയ്തതോടെ മണ്ണിടിഞ്ഞ് ചെളിനിറഞ്ഞ് യാത്രയോഗ്യമല്ലാതായ രാമംകുത്ത് റെയിൽവേ അടിപ്പാത റോഡ് കോൺക്രീറ്റ് ചെയ്ത് അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യം ഉയരുന്നു. ബസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് ഇതുവഴി സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. മൺറോഡിൽ തെന്നിനീങ്ങി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സമീപം അടിപ്പാത നിർമാണം നടക്കുന്നതിനാൽ പ്രധാന റോഡ് അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ കാളികാവ്, പൂക്കോട്ടുംപാടം ഭാഗത്തുനിന്ന് വരുന്ന ബസ് ഉൾപ്പടെ വാഹനങ്ങൾ രാമംകുത്ത് റെയിൽവേ അടിപ്പാതയാണ് ബദൽ റോഡായി ഉപയോഗിക്കുന്നത്.
35 സ്വകാര്യബസുകൾ 80 ഓളം ട്രിപ്പുകൾ ഇതുവഴി നടത്തുന്നുണ്ട്. കൂടാതെ മറ്റു വാഹനങ്ങളും ഈ താൽക്കാലിക പാതയാണ് ഉപയോഗിക്കുന്നത്. തുരങ്കം പോലുള്ള പാതയുടെ ഇരുഭാഗത്ത് നിന്നും മണ്ണിടിഞ്ഞ് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും തെന്നിമാറി മൺതിട്ടകളിലും അടിപ്പാതയുടെ ചുമരിലും തട്ടുകയാണ്. ഇവിടെ 40 മീറ്ററോളം ഭാഗം മണ്ണ് റോഡാണ്. പ്രധാനറോഡിലെ അടിപ്പാത നിർമാണം വേഗത്തിലാക്കുകയും രാമംകുത്ത് അടിപ്പാത റോഡ് കോൺക്രീറ്റ് ചെയ്ത് അപകടം ഒഴിവാക്കുകയും വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.