നിലമ്പൂർ: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂർവ ഇനം കുട്ടിത്തേവാങ്കിനെ കണ്ടെത്തി. കരുളായി പടുകവനമേഖലയിൽനിന്നാണ് രാത്രി പട്രോളിങ്ങിനിടെ ഇവൻ വനപാലകരുടെ കാമറ കണ്ണിൽപ്പെട്ടത്. വലിപ്പം കുറഞ്ഞ ഒരു വാനര ജീവിയാണ് കുട്ടിത്തേവാങ്ക്. രാത്രി കാലത്താണ് ഇവയുടെ സഞ്ചാരം. പകൽ ഇരുണ്ട പ്രദേശത്ത് ഒളിച്ച് കഴിയും.
ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും കുട്ടിത്തേവാങ്കിന്‍റെ സവിശേഷതകളാണ്. രോമങ്ങൾ നിറഞ്ഞ ശരീരം പട്ടുപോലെയും ഏറക്കുറെ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചുനോക്കുന്ന ഉരുണ്ട മിഴികളും വെളുത്ത മുഖവും മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവക്ക് വാലില്ല എന്നതും പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോ തൂക്കവുമുണ്ടാകും.
ഒറ്റക്കോ ഇരട്ടയോ ആയാണ് സഞ്ചാരം. മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളെയും ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് ഇവയുടെ പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനിഷ്ടം. 11 മുതൽ 13 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ശ്രീലങ്കയിലും പശ്ചിമേഷ‍്യയിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കേരളത്തിൽ അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.