നിലമ്പൂർ: നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും കടിച്ചു മുറിവേൽപിച്ച തെരുവുനായ്ക്ക് റാബീസ് പോസിറ്റിവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ചത്ത നായുടെ സാമ്പിൾ വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. നിലമ്പൂർ-കോവിലകത്തുമുറി റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മിൽമ ബൂത്ത് റോഡിലുമാണ് ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ തെരുവുനായ് ആക്രമണം തുടങ്ങിയത്.
കാൽനടക്കാരായ നിരവധി പേരെ കടിച്ചിരുന്നു. മറ്റു തെരുവുനായ്ക്കളും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. നഗരസഭ ഇടപ്പെട്ട് എമർജൻസി റെസ്ക്യൂ ഫോഴ്സിെൻറയും നാട്ടുക്കാരുടെയും സഹായത്തോടെ വെള്ളിയാഴ്ച ഉച്ചക്ക് മീൻ മാർക്കറ്റിന് സമീപത്തുനിന്ന് നായെ പിടികൂടി.
പ്രത്യേക കൂട്ടിലാക്കി നിലമ്പൂർ വെറ്ററിനറി ആശുപത്രിയിലെത്തിച്ച നായെ നിരീക്ഷിച്ചുവരുന്നതിനിടെ നായ് ചത്തു. തൃശൂർ വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് റാബീസ് സ്ഥിരീകരിച്ചത്. നായുടെ കടിയേറ്റവർ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടതാണ്. വളർത്തുമൃഗങ്ങളെയും നായ്ക്കളും മറ്റു തെരുവുനായ്ക്കളെയും സൂഷ്മമായി നിരീക്ഷിക്കണമെന്നും മൃഗാശുപത്രി അധികൃതർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ അടിയന്തര യോഗം ചേരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.