നിലമ്പൂർ: 2019 ലെ പ്രളയത്തെ തുടർന്ന് നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം തകർച്ച ഉണ്ടായ റോഡ് ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് പഠന റിപ്പോർട്ട്. സെൻറർ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ആർ.ആർ.ഐ) ശാസ്ത്ര സംഘമാണ് പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ചെങ്കുത്തായ ചുരത്തിൽ മഴവെള്ളം തന്നെയാണ് റോഡ് താഴ്ചക്കും വിള്ളലിനും കാരണമാവുന്നതെന്ന് പ്രാഥമിക പഠനത്തിന് ശേഷം സംഘം പൊതുമരാമത്ത് റോഡ് വിഭാഗത്തെ അറിയിച്ചിരുന്നു. സാധാരണ ഗതിയിൽ ഒന്നു മുതൽ രണ്ട് മീറ്റർ താഴ്ചയിൽ മഴവെള്ളം ഭൂമിക്കടിയിലൂടെ ഒഴുകാറുണ്ട്. ചുരത്തിൽ ഇത് അഞ്ച് മുതൽ ആറ് മീറ്റർ താഴ്ചയിലുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഭൂഗർഭ ഭാഗത്തിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം മണ്ണിന്റെ ബലം കുറയുകയും അടിയിൽ ഭൂമി നിരങ്ങിനീങ്ങി മുകൾഭാഗത്ത് താഴ്ചയുണ്ടാകുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിന് തകർന്ന ഭാഗത്ത് ശാസ്ത്രീയമായി തന്നെ റോഡ് നിർമിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
92/000 കിലോമീറ്റർ മുതൽ 103/600 വരെയുള്ള ഭാഗത്താണ് റോഡ് വിള്ളൽ കാണപ്പെട്ടത്. ഇവിടെ റോഡിലെ ശേഷിച്ച മണ്ണ് നീക്കം ചെയ്ത് ഇരുഭാഗത്തും ഉറപ്പിൽ സംരക്ഷണഭിത്തി നിർമിച്ച് റോഡ് ബലപ്പെടുത്തണമെന്നാണ് ശാസ്ത്രസംഘം മുഖ്യമായും പറയുന്നത്. രണ്ടര വർഷത്തിന് ശേഷമാണ് ശാസ്ത്രസംഘത്തിന്റെ പഠന റിപ്പോർട്ട് സർക്കാറിന് ലഭിച്ചത്. 32 ലക്ഷം രൂപയാണ് പഠനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്.
പഠന റിപ്പോർട്ട് ലഭിച്ച ശേഷം തകർന്ന ഭാഗം നന്നാക്കുന്നതിന് മൂന്ന് കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ മുഹസിൻ മാധ്യമത്തോട് പറഞ്ഞു. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ട് സർക്കാറിന് സമർപ്പിച്ച 260 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിൽ ഈ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. വഴിക്കടവ് അതിർത്തി മുതൽ 12 മീറ്റർ വീതിയിൽ കടന്നുപോവുന്ന നാടുകാണി-പരപ്പനങ്ങാടി പാതക്ക് 104.63 കിലോമീറ്ററാണുള്ളത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തി വരുന്നത്. നാടുകാണി ചുരത്തിൽ പ്രവൃത്തി പൂർത്തീകരിച്ചിരുന്നെങ്കിലും 2018, 2019 വർഷങ്ങളിലെ ഉരുൾപൊട്ടലുകളിൽ ചുരത്തിന്റെ പലഭാഗങ്ങളിലും റോഡ് തകർന്നു.
ജാറത്തിന് സമീപം റോഡ് താഴ്ന്ന് വിള്ളലുണ്ടായി. ഇവിടെ തകർന്ന ഭാഗത്ത് റോഡ് താൽക്കാലികമായി നന്നാക്കുകയാണ് ചെയ്തത്. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം സ്ഥിരമായ റോഡ് നിർമാണത്തിന് കാത്തിരിക്കുകയായിരുന്നു. താൽക്കാലികമായി നിർമിച്ച ഭാഗത്ത് റോഡിൽ കുണ്ടും കുഴിയും ആഴത്തിലായിട്ടുണ്ട്. കല്ലുകൾ പൊതി നിൽക്കുന്നതിനാൽ ബൈക്ക് ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോവാൻ ബുദ്ധിമുട്ടുണ്ട്. കൂർത്ത കല്ലുകളിൽ തട്ടി ചരക്ക് വാഹനങ്ങളുടെ ടയർ പൊട്ടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.