കാളികാവ്: രണ്ട് പതിറ്റാണ്ടിനടുത്ത അധ്യാപനസപര്യയിൽ കുരുന്നുകൾക്ക് അറിവ് പകരുന്ന നിരവധി കുറിപ്പുകളും ലേഖനങ്ങളും സമാഹരിക്കുകയും അവ കൃത്യമായി സൂക്ഷിച്ച് വെക്കുകയും ചെയ്ത് അധ്യാപക മാതൃകയുമായി ഒരാൾ. അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ അധ്യാപകൻ ഫൈസലാണ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കനപ്പെട്ട ലേഖനങ്ങൾ, ചിത്രങ്ങൾ, കൗതുക വാർത്തകൾ എന്നിവ ശേഖരിക്കുന്നത്.
ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, പരിസ്ഥിതി, കല തുടങ്ങി അമ്പതിൽപരം മേഖലകളിലായി ആയിരത്തിലധികം കുറിപ്പുകളും ചിത്രങ്ങളും ശേഖരണത്തിലുണ്ട്. പത്രങ്ങൾ, ആനുകാലികങ്ങൾ, ബാലപ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽനിന്നാണ് പ്രധാനമായും ഇവ ശേഖരിക്കുന്നത്.
2001ൽ സർവിസിൽ പ്രവേശിച്ചതിെൻറ അടുത്ത അധ്യാപകദിനം മുതലാണ് ശേഖരണം ആരംഭിച്ചത്. ഇൗ വിവരങ്ങൾ കുട്ടികൾക്ക് പ്രയോജനകരമായ വിധത്തിൽ കൃത്യമായി എത്തിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. ദിനാചരണങ്ങളുടെ ഭാഗമായി ആഹാരത്തിലെ മായം, ബഷീർ സ്മൃതി, കൗതുക വാർത്തകളും ചിത്രങ്ങളും എന്നിങ്ങനെ സ്കൂളിൽ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
ഏതാനും വർഷങ്ങളായി പ്രശസ്തരുടെ കൈപ്പടയും ഒപ്പും ശേഖരിച്ചുവരുന്നുണ്ട്. ആനച്ചേല്, മഴ ആൽബം, കൗതുക ലോകം എന്നിങ്ങനെ കൈയെഴുത്തു പതിപ്പുകളുമുണ്ട്. അധ്യാപക ജീവിതത്തിൽ ഈ കുറിപ്പുകൾ ഏറെ ഉപകാരപ്പെട്ടതായി ഫൈസൽ മാസ്റ്റർ പറയുന്നു. കുറിപ്പുകൾ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച് പേപ്പർ കവറുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. കവറുകൾക്ക് നമ്പറും കാറ്റലോഗും ഉള്ളതിനാൽ എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നു. മാധ്യമം 'വെളിച്ച'ത്തിെൻറ തുടക്കം മുതലേയുള്ള പതിപ്പുകൾ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. വണ്ടൂർ തൊണ്ടിയിൽ സ്വദേശിയാണ് ഇദ്ദേഹം .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.