നിലമ്പൂർ: വഴിക്കടവ് ടൗണിൽ നാട്ടുകാരുടെ പരിപാലനത്തിലുണ്ടായിരുന്ന കരിങ്കുരങ്ങിനെ വനപാലകർ വീണ്ടും കൂട്ടിലാക്കി. മൂന്ന് തവണ പിടികൂടി ഉൾക്കാട്ടിൽ വിട്ട കുരങ്ങ് വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു.
നാല് മാസം മുമ്പാണ് ആനമറിയിൽ വെണ്ണേക്കോടൻ ഇസ്മായിലിെൻറ വീട്ടിൽ ആദ്യമായി കുരങ്ങ് എത്തിയത്. വനപാലകർ പിടികൂടി കാട്ടിൽ വിട്ടെങ്കിലും വീണ്ടും നാട്ടിലിറങ്ങി. ഇപ്പോൾ മൂന്നാം തവണയും നാട്ടിലിറങ്ങിയ കുരങ്ങ് രണ്ടാഴ്ചയായി വഴിക്കടവ് ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയാണ്. ആളുകളോട് ഏറെ ഇണക്കം കാണിക്കുന്ന കുരങ്ങ് ഉപദ്രവകാരിയല്ല. സാധാരണയായി കരിങ്കുരങ്ങ് മനുഷ്യരോട് അടുക്കുന്ന പ്രകൃതമല്ല.
എന്നാൽ, സ്വഭാവം കണക്കിലെടുത്ത് ഏത് സമയവും ആക്രമണസ്വഭാവം കാണിക്കുമെന്നതിനാൽ വനപാലകർ കുരങ്ങിനെ പിടികൂടാൻ ഒരുക്കം നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ സിവിൽ ഡിഫൻസ് അംഗം കെ. ഷിഹാബുദ്ദീൻ വഴിക്കടവ് ടൗണിൽനിന്ന് തന്ത്രപരമായി കുരങ്ങിനെ പിടികൂടുകയായിരുന്നു. നെല്ലിക്കുത്ത് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ പി.എഫ്. ജോൺസൺ, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ജി.എസ്. ശ്രീലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ.എസ്. സുധീഷ്, സി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുരങ്ങിനെ പിടികൂടിയത്. കൂട്ടിൽ അടച്ച കുരങ്ങിനെ ഞായറാഴ്ച വനം വകുപ്പിെൻറ റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.