നിലമ്പൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടനേതാവിനെ നിലമ്പൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിലമ്പൂർ മണലോടി സ്വദേശി തേക്കിൽ ശതാബിനെയാണ് (35) നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റു ചെയ്തത്. പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടമാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ വകുപ്പ് 15 പ്രകാരം മുമ്പ് ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ പ്രതി ശതാബ് കാപ്പ റിവ്യൂ കമ്മിറ്റിയെ സമീപിച്ച് പ്രസ്തുത ഉത്തരവിൽ ഇളവ് നേടിയിരുന്നു. മറ്റു ക്രിമിനൽ കേസിൽ ഉൾപ്പെടരുത്, ജില്ല വിട്ടു പുറത്തുപോകാൻ പാടില്ല, ആഴ്ചയിലൊരിക്കൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഇളവ് അനുവദിച്ചത്.
എന്നാൽ, പിന്നീട് ഉപാധികൾ ലംഘിച്ചു. പ്രതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പാട്ടുത്സവ ദിനമായ ജനുവരി 11ന് രാത്രി ഇരുസംഘങ്ങളായി ഏറ്റുമുട്ടിയിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ സംഘങ്ങൾ അവിടെ വെച്ചും പരസ്പരം പോർവിളി നടത്തി ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ അടക്കം കൈക്കലാക്കി ഏറ്റുമുട്ടി. ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം ശതാബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 22ന് കരിപ്പൂർ എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച സ്വർണം കവർന്ന കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. കാപ്പ നിയമം ലംഘിച്ചതിന് ശതാബിനെതിരെ മറ്റൊരു കേസും നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂർ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.