നിലമ്പൂർ: നിലമ്പൂരിൽ വ്യാപക മോഷണം. ദന്താശുപത്രിയിലും ബേക്കറിയിലും കോഴിക്കടയിലും സൺ ഡയറക്ട് സർവിസ് സെന്ററിലുമാണ് മോഷണം. ബേക്കറിയിൽനിന്ന് 20,000 രൂപയും ദന്താശുപത്രിയിൽ നിന്ന് 2000 രൂപയും നഷ്ടപ്പെട്ടു.
മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നിലമ്പൂർ താഴെ ചന്തക്കുന്ന്, മിനർവപ്പടി ഭാഗങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ച മൂന്നുമണിക്കും അഞ്ച് മണിക്കുമിടയിൽ മോഷണം നടന്നത്. കട ഉടമകളുടെ പരാതിയിൽ നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. താഴെ ചന്തക്കുന്ന് മാനവേദൻ റോഡ് ജങ്ഷനിലെ സാറോസ് ബേക്കറിയുടെ ഷട്ടർ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലെ 20,000 രൂപ കവർന്നു. ബേക്കറിയിലുണ്ടായിരുന്ന മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ എത്തിയപ്പോഴാണ് വിവരമറിഞ്ഞതെന്ന് കടയുടമ മേലേതിൽ റഷാദ് പറഞ്ഞു. ഷട്ടർ ഇരുമ്പുപാരകൊണ്ട് തകർത്ത നിലയിലാണ്. മിനർവപ്പടി ഭാഗത്തെ ഡോക്ടർ ദന്താശുപത്രിയുടെ ഗ്ലാസ് ഡോർ ഇരുമ്പുവടികൊണ്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 2000ത്തോളം രൂപ കവർന്നതായി ഡോ. നിഷാദ് പറഞ്ഞു. ഉപകരണങ്ങൾ കേടുപാട് വരുത്തുകയും
ചെയ്തിട്ടുണ്ട്.
സമീപത്തെ സൺ ഡയറക്ട് സർവിസ് സെന്ററിന്റെ ഗ്ലാസ് വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പുകൾ തുറന്ന് മോഷണശ്രമം നടത്തിയെങ്കിലും പണം ഇല്ലാതിരുന്നതിനാൽ ഇവിടെനിന്ന് ഒന്നും നഷ്ടമായിട്ടില്ല. ചന്തക്കുന്ന് മാനവേദൻ റോഡ് അരികിലെ എം.കെ. ചിക്കൻ സ്റ്റാളിന്റെ ഗ്ലാസ് തകർത്ത നിലയിലാണെങ്കിലും മോഷ്ടാവ് കടക്കുള്ളിൽ കടന്ന ലക്ഷണമില്ല.
ഒരുമാസം മുമ്പ് നിലമ്പൂർ ഫാത്തിമഗിരി റോഡിന് സമീപമുള്ള വീട്ടിൽനിന്ന് ആറര പവൻ സ്വർണവും 60,000 രൂപയും കവർന്നിരുന്നു. വീട്ടിലെ സി.സി.ടി.വിയിൽ മൂന്നുപേരുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാൽ, ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രാത്രി ട്രെയിനിന് എത്തി പുലർച്ചയുള്ള ട്രെയിനിൽ മടങ്ങുന്ന തമിഴ്നാട്ടിൽ നിന്നുള്ള മോഷ്ടാക്കളും നിലമ്പൂരിലെ മോഷണങ്ങളിൽ ഉണ്ടെന്ന സൂചനയാണ് ഫാത്തിമ ഗിരി റോഡിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.