നിലമ്പൂർ: കൃഷിയിടത്തിൽ നിരന്തരം നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവർക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്തി വനം വകുപ്പ്. നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ കൊല്ലുന്നത് ഒഴിവാക്കാനും വെടിവെക്കുന്നയാൾ എംപാനലിൽ ഉൾപ്പെട്ടതാണെന്ന് ഉറപ്പിക്കാനുമാണിത്. വെടിവെക്കാമെന്ന ഉത്തരവ് ഇറങ്ങിയ ശേഷം നൂറുകണക്കിന് പന്നികൾ തോക്കിനിരയായി. ഇത് വനം വകുപ്പിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. പാരിതോഷിക പ്രഖ്യാപനമാണ് ഉത്തരവിലെ തലക്കെട്ടിലെങ്കിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. വനാതിർത്തിയിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരെ കൃഷിക്ക് നാശം വരുത്തുന്ന പന്നികളെ മാത്രേമ വെടിവെക്കാൻ പാടുള്ളൂ. അംഗീകൃത ലൈസൻസുള്ള തോക്ക് കൊണ്ട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എംപാനൽ ചെയ്ത വ്യക്തികൾക്ക് മാത്രേമ വെടിവെക്കാനുള്ള അനുമതിയുള്ളൂ. ഇത്തരം വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുന്നത്.
പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. ഡി.എഫ്.ഒയിൽനിന്ന് അനുമതി കിട്ടിയ ശേഷം മാത്രേമ എംപാനലിൽ ഉൾപ്പെട്ടയാൾക്ക് വെടിവെക്കാൻ അനുമതിയുള്ളൂ. വെടിവെച്ച് കൊന്ന ഉടൻ തോക്കുടമ ബന്ധപ്പെട്ട റേഞ്ച് ഓഫിസറെ അറിയിക്കണം. വനം ഉദ്യോഗസ്ഥർ എത്തി മണ്ണെണ്ണ ഒഴിച്ച് ജഡം മറവ് ചെയ്യും. വനം വകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽപന നടത്തുകയോ ഭക്ഷിക്കുകയോ ചെയ്യുന്നവർക്കെതിരെ വനം നിയമപ്രകാരം കേസ് ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.