നിലമ്പൂർ: മൂലേപ്പാടത്ത് വിൽപനക്കായി കാറിൽ കൊണ്ടുവന്ന 4.300 കി.ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. എടക്കര ഇല്ലിക്കാട് സ്വദേശി കൊടക്കാട്ടകത്ത് റാബിദ് (22), എടക്കര ബാർബർമുക്ക് സ്വദേശി പുത്തൻകോട്ടിൽ സക്കീർ ബാബു (28), നാരോക്കാവ് കുന്നുമ്മൽ പൊട്ടി സ്വദേശി എടക്കണ്ടത്തിൽ ശ്രീജിത് (24) എന്നിവരെയാണ് എസ്.ഐ എ. രാജൻ അറസ്റ്റ് ചെയ്തത്. ചൊവാഴ്ച അർധരാത്രി 12 ഓടെയാണ് പ്രതികൾ അറസ്റ്റിലായത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ എത്തിയപ്പോഴാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അരലക്ഷം രൂപയോളം വില വരും. റാബിദ് മുമ്പ് മോഷണക്കേസിൽ ഉൾപ്പെട്ടയാളാണ്. ശ്രീജിത്തിനെതിരെ പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനുൾപ്പെടെ കേസുണ്ട്. കഞ്ചാവ് ഉപയോഗിച്ചതിന് മൂന്ന് പേർക്കെതിരെയും കേസുകളുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. നിലമ്പൂർ ഡിവൈ.എസ്.പി സാജു. കെ. അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ സി.ഐ സുനിൽ പുളിക്കലിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധന സംഘത്തിൽ സി.പി.ഒ.മാരായ കെ. രഞ്ജിത്, ടി. ധന്യേഷ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.