നിലമ്പൂർ: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാതിൽ അടഞ്ഞു മുറിയിൽ കുടുങ്ങിയ രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികളെ നിലമ്പൂർ ഫയർ ഫോഴ്സ് രക്ഷിച്ചു. ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ് ആരിഫിെൻറ മക്കളായ സിദാനും നദാനുമാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കാണ് സംഭവം.
വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് രണ്ടാം നിലയിലെ മുറിയിൽ അകപ്പെട്ട നിലയിൽ കണ്ടത്. വീട്ടുകാരും അയൽവാസികളും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പേടിച്ചു കരഞ്ഞ കുട്ടികൾക്ക് തുറക്കാനായില്ല.
ഒരു മണിക്കൂറോളം നീണ്ട ശ്രമം പരാജയപ്പെട്ടതോടെയാണ് നിലമ്പൂർ ഫയർ ഫോഴ്സിെൻറ സഹായം തേടിയത്. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിലെത്തിയ സേന കുട്ടികളുമായി മയത്തിൽ സംസാരിച്ച് കുട്ടികളോട് സവാധാനം വാതിലിെൻറ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടു. ഈ ശ്രമം വിജയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർമാരായ സി.കെ. നന്ദകുമാർ, പി. ബാബുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.വി. അനൂപ്, വൈ.പി. ഷറഫുദ്ദീൻ, എം.വി. അജിത്ത്, പി. ഇല്യാസ്, കെ. അഫ്സൽ, സി.ആർ. ശരത്ബാബു, വി. അബ്ദുൽ മുനീർ, സി.ആർ. രാജേഷ് എന്നിവരാണ് ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.