നിലമ്പൂർ: നിലമ്പൂർ ടൗണിൽ ഒരു മാസത്തിനിടെ രണ്ടു തവണ നടന്ന മോഷണ ശ്രമത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽ റസാഖ് (33) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ എസ്.ഐ എം. അസൈനാരും പ്രത്യേക അന്വേഷണ സംഘവും നിലമ്പൂർ ടൗണിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ടൗണിലെ സൗഭാഗ്യ ലോട്ടറി കടയിൽ ഫെബ്രുവരി നാലിന് പുലർച്ചെ കടയുടെ ചുമർ തുരന്നാണ് മോഷണ ശ്രമം നടത്തിയത്. പാലിയേറ്റിവ് ബോക്സിൽനിന്ന് കിട്ടിയ ചെറിയ തുക മാത്രമേ പ്രതിക്ക് കൈവശപ്പെടുത്താനായുള്ളൂ.
മോഷണ ശ്രമത്തിനിടയിൽ കടയിലെ സി.സി.ടി.വി ശ്രദ്ധയിൽപ്പെട്ടതോടെ കാമറ നശിപ്പിക്കാനും ശ്രമിച്ചു. മാർച്ച് അഞ്ചിന് പുലർച്ചെ നിലമ്പൂർ കോവിലകം റോഡിലെ നിമ്മി മെഡിക്കൽ ഷോപ്പിലും ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് കടയുടെ അകത്തു കയറി കടയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും 1400 രൂപയും മോഷ്ടിച്ചു. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയിൽനിന്ന് കണ്ടെടുത്തു.
ലോട്ടറി കടയിൽനിന്ന് എടുത്ത പാലിയേറ്റീവ് സംഭാവന ബോക്സ് പണമെടുത്തശേഷം ഉപേക്ഷിച്ചതായി പ്രതി മൊഴിന ൽകി. പ്രതി മുമ്പും മോഷണക്കേസിൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പിടിയിലായി 10 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിലമ്പൂർ സി.ഐ പി. വിഷ്ണു, എസ്.ഐ നവീൻ ഷാജ്, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ എം. അസൈനാർ, എ.എസ്.ഐ കെ. അനിൽകുമാർ, അൻവർ സാദത്ത്, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.