നിലമ്പൂർ: 'മോറിസ് കോയിൻ' എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സമാഹരിച്ച ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരായ കേസ് നാല് ഏജൻസികൾ അന്വേഷിക്കും. പൊലീസിന് പുറമെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളാണ് അന്വേഷണം നടത്തുക.
അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂക്കോട്ടുംപാടം പൊലീസ് അന്വേഷണ ഏജൻസികൾക്ക് കൈമാറി. സ്ഥാപന എം.ഡിക്കെതിരെ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിങ) ആക്ട് പ്രകാരമാണ് പൊലീസ് സ്വമേധയ കേസെടുത്തിരുന്നത്. പിന്നീട് നിക്ഷേപകരിൽനിന്ന് പത്തിലധികം പരാതികൾ ലഭിച്ചതോടെയാണ് വിവിധ ഏജൻസികൾക്ക് കൂടി കേസ് വിവരം കൈമാറിയത്.
പൂക്കോട്ടുംപാടം സ്വദേശിയായ സ്ഥാപന ഉടമയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. വിദേശത്തുനിന്ന് ഉൾെപ്പടെ 500 കോടിയിലധികം നിക്ഷേപം ബാങ്ക് അക്കൗണ്ടുകൾ വഴി എത്തിയതായി കണ്ടെത്തി. ബന്ധുകളുടെയും സഹായികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. എം.ഡിയെ അടുത്തദിവസം ചോദ്യം ചെയ്യും. ഇതിനിടെ സ്ഥാപന ഉടമ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. കേെസടുത്ത ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന് നവമാധ്യമങ്ങൾ വഴി സ്ഥാപന ഉടമ അറിയിച്ചിരുന്നു. എന്നാൽ, അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ ഭാഗികമായി വിതരണം ചെയ്തുകൊണ്ടിരുന്ന ലാഭവിഹിത വിതരണവും പൂർണമായി നിലക്കും.
സ്ഥാപനത്തിെൻറയും ഇടപാടുകാരുടെയും ഓൺലൈൻ ഇടപാടുകൾ പൊലീസ് സൈബർ വിങ് നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.