നിലമ്പൂർ: ഒന്നാം ഡോസ് വാക്സിനേഷന് സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാമതെത്തി നിലമ്പൂര്‍ നഗരസഭ. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വാക്സിനേഷന് സന്നദ്ധത അറിയിച്ചതുമായ മുഴുവന്‍ പേര്‍ക്കും വാക്സിന് നല്‍കിയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്.
കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ സമ്പൂര്‍ണ ഒന്നാം ഡോസ് വാക്സിനേഷെൻറ പൂര്‍ത്തീകരണ പ്രഖ്യാപനം ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന തുടങ്ങിയവര്‍ സന്നിഹിതരായി.
നിലമ്പൂര്‍ നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള 34,308 പേര്‍ക്കായിരുന്നു വാക്സിന് നല്‍കേണ്ടിയിരുന്നത്. ഇതില്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍, നിലവില്‍ സ്ഥലത്തില്ലാത്തവര്‍ എന്നിങ്ങനെ വിഭാഗത്തിലുള്ള 4,313 പേരാണുള്ളത്. ഇവരൊഴികെ 29,995 പേര്‍ക്കാണ് ഒന്നാം ഡോസ് വാക്സിന് ലഭ്യമാക്കിയത്. ഇതോടെ സന്നദ്ധരായ മുഴുവന്‍ ആളുകള്‍ക്കും ഒന്നാം ഡോസ് വാക്സിന് ലഭ്യമാക്കിയ നഗരസഭയായി നിലമ്പൂര്‍ മാറി. 44.77 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനേഷനും നഗരസഭ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കിടപ്പുരോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വാക്സിന് നല്‍കിയത്. ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, അന്തർസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേകം വാക്സിനേഷന് ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ-അംഗൻവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം പറഞ്ഞു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കക്കാടന്‍ റഹീം, സൈജിമോള്‍, സ്കറിയ കിനാംത്തോപ്പില്, നിലമ്പൂര്‍ ജില്ല ആശുപത്രി ജൂനിയര്‍ കണ്‍സൽട്ടൻറ് ഡോ. കെ.കെ. പ്രവീണ, നഗരസഭ സെക്രട്ടറി ബിനുജി, നോഡല്‍ ഓഫിസര്‍ സുബ്രഹ്മണ്യന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിതിന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.