നിലമ്പൂർ: എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വിൽപന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ തമിഴ്നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി.
മരുത കെട്ടുങ്ങൽ തണ്ടുപാറ മുഹമ്മദ് റാഷി (26), മരുത ചക്കപ്പാടം ചക്കിയത്ത് ജിഷ്ണു (മണിക്കുട്ടൻ -27), വഴിക്കടവ് കുമ്പങ്ങാടൻ ജംഷീർ (35) എന്നിവരാണ് പിടിയിലായത്.
ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഊട്ടി പുതുമന്ത് ഗ്ലൻമോർഗാനിലെ വിജികുട്ടന്റെ കറവുള്ള എരുമയെയാണ് ഇവർ തൊഴുത്തിൽനിന്ന് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് അറുത്തത്. തുടർന്ന് മാംസമാക്കി കാറിൽ കയറ്റി കൊണ്ടുപോയി കാട്ടുപോത്തിന്റെ ഇറച്ചിയെന്നപേരിൽ വൻ വിലക്ക് വിൽപന നടത്തുകയായിരുന്നു.
മാർച്ച് അഞ്ചിനാണ് ക്ഷീരകർഷകൻ വിജികുട്ടൻ പൈക്കാറ പൊലീസിൽ പരാതിപ്പെട്ടത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ എരുമയെ ആട്ടിക്കൊണ്ടുപോവുന്നതും പുലർച്ച ചാക്കുകെട്ട് ചുമന്നുകൊണ്ടുപോവുന്നതും കണ്ടുവെന്ന് സമീപവാസികൾ അറിയിച്ചു. അതിർത്തികളിലെയും മറ്റും സി.സി.ടി.വിയും മറ്റും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഗൂഡല്ലൂർ ഡിവൈ.എസ്.പി വസന്തകുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ ഹരിഹരൻ, എസ്.ഐ ഇബ്രാഹിം ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.