നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് അന്തർസംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റും മറ്റു ലഹരി ഉൽപന്നങ്ങളുടെയും ഇറക്കുമതി തടയാൻ വഴിക്കടവ് ആനമറിയിൽ സ്ഥാപിക്കാറുള്ള സ്പെഷൽ പൊലീസ് ചെക്ക്പോസ്റ്റ് ഇക്കുറി ഇല്ല. ഓണത്തിന് ഒരു മാസം മുമ്പുതന്നെ ആനമറിയിൽ പൊലീസിന്റെ പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിക്കാറുണ്ട്.
കേരള അതിർത്തികളിലെ മറ്റു കവാടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയെങ്കിലും നാടുകാണി ചുരം പാത കള്ളക്കടത്ത് മാഫിയക്ക് തുറന്നിട്ടിരിക്കുകയാണ്. കർണാടകയിലെ കരിമ്പ് ഫാക്ടറികളിൽനിന്ന് പുറംതള്ളുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ അവിടെ ഉൽപാദിപ്പിക്കുന്ന സ്പിരിറ്റ് ആഘോഷനാളുകളിൽ കേരളത്തിലേക്ക് ഇറക്കുമതിയുള്ളതായി നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.
ആഘോഷദിവസങ്ങളിൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന പാതകളിലൊന്ന് നാടുകാണി ചുരം റോഡാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. വ്യാജമദ്യ നിർമാണത്തിനുള്ള സ്പിരിറ്റ് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ രഹസ്യകേന്ദ്രങ്ങളിലെത്തുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പൊലീസിന്റെ താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കാറുള്ളത്.
സ്പിരിറ്റിന് പുറമെ കഞ്ചാവ്, രാസലഹരി തുടങ്ങിയവയും വഴിക്കടവ് വഴി ഇറക്കുമതിയുണ്ട്. അടുത്തിടെയായി നിരവധി കേസുകളാണ് അതിർത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലും രഹസ്യവിവരത്തെ തുടർന്ന് വഴിമധ്യേ പൊലീസും പിടികൂടിയിട്ടുള്ളത്. ഓണം കൊഴുപ്പിക്കാൻ വനവും വനാതിർത്തികളും കേന്ദ്രീകരിച്ച് വ്യാജമദ്യനിർമാണം നടക്കുന്നുണ്ട്. വനം, റവന്യൂ, പൊലീസ്, എക്സൈസ് എന്നിവരടങ്ങുന്ന താലൂക്കുതല സമിതി നാട്ടിലും കാട്ടിലും പരിശോധന നടത്തുന്നുണ്ടെങ്കിലും അതിർത്തി തുറന്നുകിടക്കുകയാണ്. വഴിക്കടവ് ആനമറിയിൽ എക്സൈസ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിശോധന സംവിധാനങ്ങളില്ലാത്തത് തിരിച്ചടിയാണ്.
പരിശോധനക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങളൊന്നും ഇവിടെയില്ല. അന്തർസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ചരക്കുവാഹനങ്ങളിൽ കയറി പരിശോധന അത്രകണ്ട് സാധ്യമല്ല. വ്യാജമദ്യ നിർമാണത്തിന് ഇറക്കുമതി സ്പിരിറ്റാണ് ഉപയോഗിക്കുന്നത്. കർണാടകയിൽ ഉൽപാദിപ്പിക്കുന്നതിന്റെ സിംഹഭാഗവും കേരളത്തിലേക്കാണ് ഇറക്കുമതിയുള്ളത്.
പച്ചക്കറികളുടെയും പലവ്യഞ്ജന സാധനങ്ങളുടെയും മറപറ്റിയാണ് ഇറക്കുമതി. ഇത് മുൻകൂട്ടി കണ്ടുള്ള പരിശോധനക്കാണ് ചെക്ക്പോസ്റ്റ് സ്ഥാപിക്കാറുള്ളത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് ചെക്ക്പോസ്റ്റ് ഡ്യൂട്ടി നൽകി വരാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.