നിലമ്പൂർ: ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ വന ദ്രുതപ്രതികരണ സേനയാണുള്ളത്. മൂന്ന് റേഞ്ചുകളുള്ള നോർത്ത് ഡിവിഷനിൽ വാഹന സൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥിരം സേനയും രണ്ട് റേഞ്ചുകളുള്ള സൗത്ത് ഡിവിഷനിൽ ഒരു താൽക്കാലിക സേനയുമാണുള്ളത്. കാട്ടാന നാട്ടിലിറങ്ങിയാൽ ഭീഷണിയില്ലാതെ കാടുകയറ്റുക എന്നതാണ് ഇവരുടെ ചുമതല. ജില്ലയിൽ മുഴുവൻ ഇവർ ഓടിയെത്തണം. ഒരു സേനയിൽ ഡെപ്യൂട്ടി റേഞ്ചർ, രണ്ട് ഫോറസ്റ്റ് ഓഫിസർമാർ, നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, മൂന്ന് വാച്ചർമാർ എന്നിവരാണുള്ളത്.
ആനയെ തുരത്താൻ ഇവരുടെ പക്കൽ റബർ ബുള്ളറ്റ് തോക്കും സെർച്ച് ലൈറ്റും പിന്നെ പടക്കങ്ങളുമാണുള്ളത്. മുമ്പ് ലൈറ്റ് കണ്ടാലും പട്ടക്കം പൊട്ടിച്ചാലും കാട്ടിലേക്ക് കുതിച്ചുപാഞ്ഞിരുന്ന ആനകളുടെ സ്വഭാവത്തിലും മാറ്റം വന്നു. ഇപ്പോൾ ലൈറ്റ് കണ്ടാൽ ഓടിയടുക്കുകയാണ് ആനകൾ ചെയ്യുന്നത്. റബർ ബുള്ളറ്റ് ഉപയോഗിക്കണമെങ്കിൽ നിയമക്കുരുക്കുണ്ട്.
ഇവരെക്കുറിച്ചുള്ള വിളിച്ചാൽ വരില്ലെന്ന മുമ്പത്തെ പരാതി ഇപ്പോഴില്ല. വിവരം അറിയിച്ചാൽ ഉടനെ കുതിച്ചെത്തുന്നുണ്ട്. എന്നാൽ, കാട്ടാനകളെ തുരത്താൻ അത്യാധുനിക സംവിധാനങ്ങളില്ലാത്തതിനാൽ ശ്രമം പാഴാവുന്നു. കാട്ടാനശല്യം തടയാൻ പല പദ്ധതികളും പ്രയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. മുളകുപൊടി ഉപയോഗിച്ചുള്ള വേലി, കടുവ, സിംഹം എന്നിവയുടെ ശബ്ദം ഉപയോഗിക്കുന്ന യന്ത്രം, മുള്ളുകളുള്ള സസ്യങ്ങൾ ഉപയോഗിച്ചുള്ള ജൈവവേലി എന്നിവയെല്ലാം കർഷകർക്കൊപ്പം വനംവകുപ്പും പരീക്ഷിച്ചിരുന്നു. സോളാർ വേലിയിലൂടെ കൂടുതൽ പ്രസരണശേഷി കടത്തിവിട്ട് ആനകളെ തുരത്താനുള്ള ചില കർഷകരുടെ ശ്രമം വനംവകുപ്പിന്റെ താക്കീതുമൂലം ഉപേക്ഷിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൊണ്ടുവന്ന് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുള്ള വനം വകുപ്പിന്റെ നീക്കം പരാജയപ്പെട്ടു.
വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിനും പ്രതിരോധ നടപടിക്കും അടുത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്രം തള്ളി. ഇതോടെ കൃഷിനാശത്തിന് കർഷകർ സമർപ്പിച്ച നൂറുകണക്കിന് അപേക്ഷകളും ചുവപ്പുനാടയിലാണ്.
കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നതിന് കാരണങ്ങൾ പലതാണെന്നാണ് പഠന റിപ്പോർട്ടുകൾ. 2013ൽ വഴിക്കടവ് ആലപ്പൊയിലിലെ വലിയത്തൊടിക ബിയാത്തുവിനെ (43) കാട്ടാന ചവിട്ടിക്കൊന്നതോടെയാണ് നിലമ്പൂർ കാട്ടിൽ കാട്ടാന ആക്രമണത്തെക്കുറിച്ച പഠനത്തിന് തുടക്കമിട്ടത്. അന്നത്തെ കേരള വനം ഗവേഷണ കേന്ദ്രം ഡയറക്ടർ കൂടിയായിരുന്ന ഡോ. ഈസയുടെ നേതൃത്വത്തിലായിരുന്നു പഠനം.
വനത്തിനകത്തെ സ്വകാര്യത്തോട്ടമുടമകൾ കൈയേറിയും വേലികെട്ടി തിരിച്ചും സഞ്ചാരപാതകളിൽ 90 ശതമാനവും കവർന്നു. സഞ്ചാരപാതകൾ അടഞ്ഞതോടെ കാട്ടാനകൾ കൂട്ടമായും കൂട്ടം തെറ്റിയും കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കുമിറങ്ങി. ഇത് ആനകളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി.
വനത്തിനകത്തെ തേക്ക് പ്ലാന്റേഷൻ. സ്വാഭാവിക വനം വെട്ടിതെളിച്ച് തേക്ക് പ്ലാന്റേഷനുകളുണ്ടാക്കി ചുറ്റും സോളാർ വേലി സ്ഥാപിച്ചതോടെ കാട്ടാനകളുടെ തീറ്റയും കുടിയും സഞ്ചാരവും മുട്ടി. വനത്തിൽ കുടിവെള്ളവും തീറ്റയും കിട്ടാതെ വന്നതോടെ തീറ്റ തേടി കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്കിറങ്ങി. നല്ല ഭക്ഷണം കിട്ടിത്തുടങ്ങിയതോടെ ഇത് പതിവായി.
കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്കിറങ്ങുന്നത് ഒഴിവാക്കാൻ നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. അടഞ്ഞ ആനത്താരകൾ പുനഃസ്ഥാപിക്കുക, കാട്ടിൽത്തന്നെ തീറ്റയും വെള്ളവും ലഭിക്കാൻ നടപടികൾ സ്വീകരിക്കുക, കാട്ടിനകത്തെ സോളാർ വേലികൾ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു മാർഗ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്.
കുടിവെള്ള ലഭ്യതക്കായി ഏതാനും കുളങ്ങൾ നിർമിച്ചതൊഴികെ നടപടികളൊന്നും ഉണ്ടായില്ല. കാട്ടിൽ മുളം കാടുകളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയെന്ന പ്രധാന പരിഹാരമാർഗവും അവഗണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.