നിലമ്പൂർ: മമ്പാട് വീട്ടിക്കുന്ന് കോളനിയിൽ ഇറങ്ങിയ കാട്ടാന താൽക്കാലിക വീട് തകർത്തു. കോളനിയിലെ ബാബുവിന്റെ വീടാണ് പൂർണമായും തകർത്തത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സമീപത്ത് നിർമിച്ച താൽക്കാലിക വീടാണ് തകർത്തത്. ബാബുവും ഏഴംഗ കുടുംബവും ഇവിടെയാണ് അന്തിയുറങ്ങിയിരുന്നത്. രണ്ട് ചെറിയ കുട്ടികൾ ഉൾപ്പെടെ ഏഴുപേരും വീട്ടിൽ ഉണ്ടായിരുന്നു. അടുക്കളഭാഗത്ത് എത്തിയ ആന മുളകൊണ്ടുള്ള വീടിന്റെ മേൽക്കൂര തുമ്പിക്കൈകൊണ്ട് വലിച്ചിടുന്ന ശബ്ദം കേട്ടു. അപകടം തിരിച്ചറിഞ്ഞ ബാബുവും കുടുംബവും മുൻഭാഗത്തിലൂടെ ഒച്ചവെക്കാതെ കുട്ടികളെയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് ആനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ബാബു പറഞ്ഞു.
വീട്ടിനുള്ളിലെ പാത്രങ്ങളെല്ലാം ആന ചവിട്ടി നശിപ്പിച്ചു. സമീപത്തെ കൃഷിയിടത്തിലെ കപ്പയും വാഴയും നശിപ്പിച്ച ശേഷമാണ് ആന കാടു കയറിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ആർ. സുബ്രഹ്മണ്യൻ, ജയ മുരളി, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നാരായണന് എന്നിവർ സ്ഥലത്തെത്തി. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. എക്കോട് വനമേഖലയിൽ നിന്നാണ് കാട്ടാനകൾ വീട്ടിക്കുന്ന് കോളനിയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷമാണ് മമ്പാട് കണക്കൻ കടവിൽ പരശുരാംകുന്നത്ത് ആസ്യ വീട്ടുമുറ്റത്ത് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.