നിലമ്പൂർ: ജനവാസകേന്ദ്രത്തിൽ ഭീതി പരത്തിയ നാലംഗ ആനക്കൂട്ടത്തിലെ കൊമ്പനെ ദൗത്യസംഘം മൂവായിരം ഉൾവനത്തിലേക്ക് തുരത്തിവിട്ടു. മണ്ണുപ്പാടം കുന്നത്തുചാൽപാടത്ത് തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ദൗദ്യസംഘം കൊമ്പനെ ഒറ്റക്ക് കണ്ടത്. റബർ ബുള്ളറ്റ് പ്രയോഗിച്ച് കുന്നത്തുചാൽ, പെരുമുണ്ട, വേട്ടേക്കോട്, കൊമ്പൻകൊല്ല് വഴി കുറുവൻപുഴ കടത്തി എടക്കോട് റിസർവ് വഴി മൂവായിരം മലവാരത്തിലേക്ക് തുരത്തുകയായിരുന്നു. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.കെ. മുഹസിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ശ്രമം വിജയകരമായി പൂർത്തീകരിച്ചത്.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.സി. രവീന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.എസ്. അമൃതരാജ്, കെ. ശരത് ബാബു, അകമ്പാടം എലിഫന്റ് വാച്ചർമാരായ ബിജു മാവേലി, ജാസിർ, സിവിൽ പൊലീസ് ഓഫിസർ അരുൺ നീലിയത്ത്, ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. നാസർ, ബി.എഫ്.ഒമാരായ എ.പി. റിയാസ്, ആർ.ആർ.ടി സി.പി.ഒമാരായ അരുൺ, അനിരുദ്ധ്, വാച്ചർ നിസാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രാത്രി എട്ടിന് ആരംഭിച്ച നിരീക്ഷണവും തിരച്ചിലും തുരത്തലും ചൊവ്വാഴ്ച പുലർച്ചയാണ് അവസാനിച്ചത്. അതേസമയം, കൂട്ടത്തിലെ കുട്ടിക്കൊമ്പൻ ഉൾെപ്പടെ മറ്റു മൂന്ന് ആനകളെ കണ്ടെത്താനായിട്ടില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഗിരീഷന്റെയും ഫോറസ്റ്റ് ഓഫിസർമാരായ പി. മാനുക്കുട്ടൻ, സി.എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ചാലിയാർമുക്ക്, ചൂരക്കോട്, കാനക്കുത്ത്, മുണ്ടപ്പാടം വനമേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റു ആനക്കൂട്ടത്തെ കണ്ടെത്താനായില്ല. രാത്രി മുണ്ടപ്പാടത്ത് ഒരാനയെ കണ്ടുവെന്ന് കർഷകർ അറിയിച്ചതിനെ തുടർന്ന് വനപാലകർ ഇവിടെ നിരീക്ഷിച്ചതിൽ രണ്ട് ആനകളുടെ കാൽപാടുകൾ കണ്ടു. മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവയെ കണ്ടത്താനായില്ല.
മുമ്പ് പകൽ വനാതിർത്തിയിൽ കാണപ്പെട്ടിരുന്ന ആനക്കൂട്ടം ഇപ്പോൾ രാത്രി മാത്രമാണ് ഇറങ്ങുന്നത്. പകൽ സുരക്ഷിതമായ സ്ഥലത്ത് ആനക്കൂട്ടം തമ്പടിക്കുകയാണെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. സംഘത്തിലെ മറ്റു ആനകളെകൂടി ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം വരുംദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.