നിലമ്പൂർ: നാടുകാണി ചുരം റോഡിൽ കൊമ്പൻ ഉൾപ്പെടെയുള്ള നാലംഗ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇവയുടെ സാന്നിധ്യം മുമ്പേ ചുരം റോഡരികുകളിലുണ്ടെങ്കിലും യാത്രക്കാർക്ക് നേരെ ആക്രമണത്തിന് മുതിരാറില്ല. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി കാറുകൾക്കുനേരെ ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായി. കൊടും വളവുകളും തിരിവുകളുമുള്ള ചുരം റോഡിൽ മുന്നിലെത്തിയ ശേഷമാണ് യാത്രക്കാർ പലപ്പോഴും കാട്ടാനക്കൂട്ടത്തെ കാണുന്നത്. പെട്ടെന്ന് മുന്നിൽ വാഹനങ്ങളെത്തുന്നത് കാട്ടാനകളെ പേടിപ്പിക്കുകയും ഇവ ആക്രമണത്തിന് മുതിരുകയുമാണ്. യാത്രക്കാരിൽ ചിലർ വാഹനത്തിൽനിന്ന് ഇറങ്ങി ആനകളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കാറുണ്ട്. മറ്റു ചിലർ നിരന്തരം ഹോണടിച്ചും ബഹളംവെച്ചും കാട്ടാനകളെ പ്രകോപിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന ഇടങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ യാത്രക്കാർ അവഗണിക്കാറുമുണ്ട്. ഇതെല്ലാം വലിയ അപകടങ്ങൾക്ക് ഇടയാക്കും. ചുരത്തിൽ റോഡരികിലായി രാത്രി-പകൽ എന്നില്ലാതെ കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം റോഡരികിലായി തീറ്റതേടി നടക്കുന്നത് പതിവ് കാഴ്ചയാണ്. സംഘത്തിൽ കുട്ടിയാനയുമുണ്ട്.
നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിനുശേഷം ചുരത്തിലെ ആനസഞ്ചാര വഴികൾ മിക്കതും അടഞ്ഞതും ഭീഷണിയാണ്. ചുരം തുടങ്ങുന്ന ആനമറി മുതൽ കേരള അതിർത്തിവരെ 48 ആനസഞ്ചാരപാതകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ചുരം റോഡ് നവീകരണത്തിനുശേഷം ഇവ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല. റോഡിലേക്കിറങ്ങുന്ന ആനക്കൂട്ടത്തിന് സഞ്ചാരപാതകൾ വഴി എളുപ്പത്തിൽ റോഡിന് ഇരുഭാഗങ്ങളിലേക്കുമുള്ള കാടുകളിലേക്ക് കയറാൻ കഴിയുന്നില്ല. സംരക്ഷണ ഭിത്തിയും ഇരുമ്പ് വേലിയും കൊണ്ട് റോഡരിക് അടച്ചിരിക്കുകയാണ്. റോഡിലിറങ്ങുന്ന ആനക്കൂട്ടത്തിന് ചില ഭാഗങ്ങളിൽ റോഡിലൂടെ ഏറെ ദൂരം നടന്നതിന് ശേഷം മാത്രമേ കാടുകയറാൻ വഴിയുള്ളൂ. യാത്രക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലേക്ക് കാട്ടാനക്കൂട്ടത്തെ ആകർഷിക്കാൻ കാരണമാവുന്നുണ്ട്.
നിലമ്പൂർ: ചുരം വഴിയുള്ള യാത്രക്കാർ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്. ഫോട്ടോ എടുക്കുന്നതിനും മറ്റും ആനക്കൂട്ടത്തിന്റെ അടുത്ത് വാഹനം നിർത്തുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കും. ചുരത്തിൽ ഇപ്പോൾ കാണുന്ന കൊമ്പൻ ഉൾപ്പെട്ട സംഘം സാധാരണ ഉപദ്രവകാരികളല്ല.
എന്നാൽ, പ്രകോപനം ഉണ്ടായാൽ ഇവ ആക്രമണസ്വഭാവം കാണിക്കാനിടയുണ്ട്. ചുരത്തിൽ ആനകളുടെ ഫോട്ടോ എടുക്കുന്നതും മറ്റും കർശനമായി തടയും. ഇത്തരക്കാർക്കെതിരെ കേസെടുക്കും. തിങ്കളാഴ്ച റോഡരികിൽ കാട്ടാനകളുടെ സാന്നിധ്യം അറിഞ്ഞ് നെല്ലിക്കുത്ത് സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. രാജേഷിന്റെ നേതൃത്വത്തിൽ വനപാലകരെത്തി ആനക്കൂട്ടത്തെ മലകയറ്റി മടങ്ങിയിരുന്നു. പിന്നീട് രാത്രി വീണ്ടും ആനക്കൂട്ടം റോഡരികിലേക്ക് വരികയായിരുന്നു. കടുവയുടെ സാന്നിധ്യമുള്ള ചുരം മേഖലയിൽ സംഘത്തിലുള്ള കുട്ടിയാനയെ സംരക്ഷിക്കുന്നതിനാണ് ആനക്കൂട്ടം ആൾ പെരുമാറ്റം ഉള്ളിടത്തേക്ക് വരുന്നതെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.