നിലമ്പൂർ: കാട്ടാന ഭീഷണിയിൽ പൊറുതിമുട്ടിയതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നാട്ടുകാർ വനം ക്വാർട്ടേഴ്സിലെത്തി പ്രതിഷേധിച്ചു.
വഴിക്കടവ് രണ്ടാംപാടം നിവാസികളാണ് നെല്ലിക്കുത്ത് വനസംരക്ഷണ സമിതി പ്രസിഡൻറ് സി.കെ. മൊയ്തീെൻറ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തരയോടെ രണ്ടാംപാടം വനം ക്വാർട്ടേഴ്സിലെത്തിയത്. നെല്ലിക്കുത്ത് വനം അതിർത്തി പങ്കിടുന്ന ഗ്രാമപ്രദേശത്ത് കാട്ടാനശല്യം മൂലം കൃഷി അസാധ്യമായിരിക്കുകയാണ്. തുടർച്ചയായി നാട്ടിലിറങ്ങുന്ന കാട്ടാനകൾ നാട്ടുകാരുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. ക്വാർട്ടേഴ്സിലുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ച് ഇൻചാർജ് ജി.എസ്. ശ്രീലാലുമായി രണ്ട് മണിക്കൂറോളം നാട്ടുകാർ ചർച്ച നടത്തി. രണ്ടാംപാടം നെല്ലിക്കുത്ത് ഔട്ട്പോസ്റ്റ് മുതൽ ആനമറിവരെ നാല് കിലോമീറ്റർ ദൂരം 25 മീറ്റർ വീതിയിൽ അടികാട് വെട്ടാനും സോളാർവേലിയുടെ തകരാർ പരിഹരിക്കാനും തീരുമാനിച്ചു.
തിങ്കളാഴ്ച തന്നെ ഇതിെൻറ പ്രവൃത്തി ആരംഭിക്കും. ചൊവ്വാഴ്ച ഡി.എഫ്.ഒ സ്ഥലത്തെത്തി പരിശോധന നടത്തും. ശേഷം തെക്കേപാലാട് മുതൽ ആനമറി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം ട്രഞ്ച് നിർമിച്ച് ഇരുഭാഗവും കോൺക്രീറ്റ് പ്രവൃത്തി നടത്തുമെന്നും വനം ഉദ്യോഗസ്ഥർ അറിയിച്ചു.
തേക്ക് പാലാട് തമ്പാംപൊട്ടി മുതൽ ആനമറിവരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം റെയിൽ പെൻസിങ് നടത്താൻ നേരത്തേ തീരുമാനമുണ്ടായിരുന്നു. സർവേ നടത്തി ഇതിെൻറ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നെങ്കിലും രണ്ട് വർഷത്തിലധികമായി പ്രവൃത്തി നടന്നില്ല. തീരുമാനിച്ച പ്രവൃത്തിയും നീണ്ടുപോവുകയാണെങ്കിൽ വനം ഓഫിസ് ഉപരോധം ഉൾെപ്പടെ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായാണ് നാട്ടുകാർ മടങ്ങിയത്. ഷറഫുദ്ദീൻ രണ്ടാംപാടം, പുതുപറമ്പിൽ ഉണ്ണി, ചേർക്കുന്നൻ ജലീൽ, തടത്തിൽ ജോർജ്, കുറ്റിത്തറ ടോമി, ഷിഹാബ് കാവുങ്ങൽ, മോഹനൻ രണ്ടാംപാടം എന്നിവർ നേതൃത്വം നൽകി. ചർച്ചയിൽ സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ എം. വത്സലൻ, ഇ.എസ്. സുധീഷ്, സി. അനിൽകുമാർ, കെ.എൻ. ഹാരിസ് എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.