മലപ്പുറം: ആവശ്യത്തിന് വിളക്കുകളില്ലാത്ത കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് സ്റ്റാൻഡിൽ നേരമിരുട്ടിയാൽ ജനം തപ്പിതടയുന്നു. നേരമുരുട്ടിയാൽ തെരുവുനായ്ക്കൾ യാർഡിൽ തമ്പടിക്കുന്നതും പതിവാണ്.
വെളിച്ചമില്ലാത്തതിനാൽ യാത്രക്കാർ തെരുവുനായ്ക്കളുടെ മുന്നിലകപ്പെടുന്ന സംഭവങ്ങളുണ്ടാവാറുണ്ട്. പൊട്ടിത്തകർന്നുകിടക്കുന്ന യാർഡിലെ കുണ്ടിലും കുഴിയിലും വീഴാതെ വളരെ ക്ലേശിച്ചാണ് യാത്രക്കാർ സ്റ്റാൻഡിലേക്ക് വരുന്നതും പോകുന്നതും. സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് മുൻവശത്തും പുതിയ ടെർമിനൽ കെട്ടിടത്തിന് സമീപവുമുള്ള രണ്ട് വിളക്കുകൾ മാത്രമാണ് സ്റ്റാൻഡിലേക്ക് പ്രകാശം നൽകുന്നത്.
രണ്ടു മൂലകളിലുള്ള ഈ വിളക്കുകൾകൊണ്ട് യാർഡ് മുഴുവൻ വെളിച്ചമെത്തുന്നില്ല. സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ മുൻവശത്തുള്ള ലൈറ്റ് ഉയരത്തിലല്ലാത്തതിനാൽ ബസ് വന്നുനിന്നാൽ മറ്റുഭാഗങ്ങളിലേക്കുള്ള വെളിച്ചം മറയും.
ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് ഒരു വിളക്കുകാലുപോലുമില്ല. വളരെ ബുദ്ധിമുട്ടിയാണ് രാത്രിയിലും പുലർച്ചെയും യാത്രക്കാർ സ്റ്റാൻഡിലെത്തി ബസ് കയറുന്നത്. ശുചിമുറി സൗകര്യം ഗാരേജിനപ്പുറത്തായതിനാൽ സ്ത്രീകളും കുട്ടികളും അങ്ങോട്ടുപോകാൻ മടിക്കുകയാണ്. ശുചിമുറിയിലേക്കുള്ള വഴിയിലും വെളിച്ചമില്ല. പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ കയറുന്നതും വന്നിറങ്ങുന്ന ജില്ല ആസ്ഥാനത്തെ ബസ് സ്റ്റേഷനാണ് മലപ്പുറത്തേത്ത്. ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയാകുമ്പോൾ ആവശ്യത്തിന് വിളക്കുകാലുകളും ശുചിമുറി സൗകര്യവും വിശ്രമസ്ഥലവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.