മലപ്പുറം: ജില്ലയില്‍ ജൂലൈ ആറുവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കലക്ടര്‍ വി.ആര്. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കം പൂര്‍ത്തിയാക്കി. താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിചയ സമ്പന്നരായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്.സി എന്നിവ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനും മെഡിക്കല്‍ ടീമിനെ സജ്ജമാക്കാനും മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നടപടി ജിയോളജിസ്റ്റ് സ്വീകരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാം. കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി വകുപ്പുകള്‍ അടിയന്തര അറ്റകുറ്റപ്പണി സംഘത്തെ സജ്ജമാക്കണം. ബി.എസ്.എന്‍.എല്‍ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഒരുക്കണം.
ദുരന്തനിവാരണത്തിനുള്ള വില്ലേജ്തല കമ്മിറ്റികള്‍ ചേരാനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ സ്വീകരിക്കണം. എ.ഡി.എം എന്‍.എം മെഹറലിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്ത പ്രതികരണസേനയുടെ 26 അംഗ സംഘം നിലമ്പൂര്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലമ്പൂർ: ചൊവാഴ്ച രാവിലെ 8.30 മുതൽ രാത്രി 8.30 വരെ ജില്ലയിൽ ലഭിച്ച മഴ: വിവിധ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ തെന്നല -66.5 മില്ലി മീറ്റർ, നിലമ്പൂർ - 46.5 മി.മീറ്റർ, മുണ്ടേരി -22 മി.മീറ്റർ, പാലേമാട് -15 മി.മീറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.