മലപ്പുറം: കേരള പര്യടനത്തിെൻറ ഭാഗമായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി. ഭരണമേറ്റെടുത്തപ്പോൾ 600 വികസനപദ്ധതികൾ മുന്നോട്ടുവെച്ചതിൽ 570 എണ്ണം നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. സാമൂഹികനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണിത്. ഹരിതകേരള മിഷൻ, ആർദ്ര മിഷൻ, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവയിൽ മികച്ച മുന്നേറ്റം നടത്താനായി.
എന്നാൽ, മാലിന്യമുക്തകേരളം എന്ന സ്വപ്നം പൂർത്തിയാക്കാനായിട്ടില്ല. ചില നദികളിലും പുഴകളിലും മാലിന്യം കെട്ടിക്കിടക്കുന്നു. അതേസമയം, പല നദികളും തോടുകളും കുളങ്ങളും വീണ്ടെടുത്തു. ഹരിതകേരള മിഷെൻറ ഇടപെടലിനെ തുടർന്ന് വീടുകളിൽ വിഷരഹിത പച്ചക്കറി തുടങ്ങി. പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചു. കോവിഡിന് മുന്നിൽ വികസിതരാഷ്ട്രങ്ങൾ പലതും വിറങ്ങലിച്ചുവീണപ്പോൾ കേരളം പതറിയില്ല. ലൈഫ് മിഷൻ വഴി രണ്ടരലക്ഷം കുടുംബങ്ങൾക്ക് വീട് നൽകി.
15 ലക്ഷം ടൺ കാർഷിക ഉൽപന്നങ്ങൾ വിളവെടുത്തു. തരിശുഭൂമി കൃഷിചെയ്യാവുന്ന സ്ഥിതിയിലേക്ക് മാറ്റി. കോവിഡ് കാലത്ത് 'സുഭിക്ഷം പദ്ധതി' നടപ്പാക്കി കാർഷികരംഗത്ത് നല്ലമുന്നേറ്റം ഉണ്ടാക്കാനായി. വ്യവസായസൗഹൃദ സംസ്ഥാനമായി മാറാനും കഴിഞ്ഞു. സൂക്ഷ്മ- ഇടത്തരം- ചെറുകിട വ്യവസായങ്ങൾ തുടങ്ങാൻ തടസ്സമുണ്ടായിരുന്ന ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തു. അപേക്ഷ നൽകി 30 ദിവസംകൊണ്ട് തീരുമാനമാകുന്നില്ലെങ്കിൽ അതിലെ ആവശ്യം അംഗീകരിച്ച് നടപടി സ്വീകരിക്കാമെന്ന നിയമമുണ്ടാക്കി. മൂന്നു വർഷത്തിനുള്ളിൽ ലൈസൻസ് ഉൾപ്പെടെ എടുത്താൽ മതിെയന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ജില്ലയിലെ മത- സാംസ്കാരിക-സാമൂഹിക-വ്യവസായ-കായിക പ്രതിനിധികളിൽനിന്ന് മുഖ്യമന്ത്രി സ്വീകരിച്ചു.
മന്ത്രി ഡോ. കെ.ടി. ജലീൽ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ചീഫ് വിപ്പ് കെ. രാജൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ടി.കെ. ഹംസ, ഹുസൈൻ രണ്ടത്താണി, ആലങ്കോട് ലീലാകൃഷ്ണൻ, യു. ഷറഫലി, അനസ് എടത്തൊടിക, ഡോ. സി.കെ അഹ്മദ് കുട്ടി, ഡോ. സീതി, എം.സി. മോഹൻദാസ്, അനിൽ വള്ളത്തോൾ, പി.പി കുഞ്ഞുമുഹമ്മദ്, ബീന സണ്ണി, മൗലാന ആശുപത്രി മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ്, തോമസ് വെറ്റിലപ്പാറ, നിയാസ് പുളിക്കലകത്ത്, കിളിയമണ്ണിൽ നാസർ, ഗഫൂർ ലില്ലീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.