ആനക്കയം: പന്തല്ലൂർ കോട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിൽ നടുങ്ങിയിരിക്കുകയാണ് ഒരു നാട്. അപ്രതീക്ഷിതമായെത്തിയ ഉരുൾപൊട്ടലിൽ ആളപായമില്ലെങ്കിലും ഇനിയും അപകടം വരുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ.
അപകടമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള കുടുംബങ്ങളെ കഴിഞ്ഞ ദിവസം ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. മഴ ഒഴിഞ്ഞതിനാൽ ഇവരെല്ലാം വീണ്ടും വീടുകളിലേക്ക് മടങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് സമീപത്തെ റോഡിലും വഴികളിലുമെല്ലാം മണ്ണും ചളിയും നിറഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു.
മണ്ണും പാറക്കല്ലും ഒലിച്ചെത്തി ചേപ്പൂർ - അരിക്കണ്ടംപാക്ക് റോഡാണ് പൂർണമായും അടഞ്ഞത്. ശനിയാഴ്ച റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടെ റോഡ് ശുചീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. റോഡ് ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുമെങ്കിലും വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്ന് നിർദേശമുണ്ട്.
കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിൽ പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായിരുന്നു.
ആനക്കയം പഞ്ചായത്തിലെ 13ാം വാർഡായ പന്തല്ലൂർ ഹിൽസിൽ വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ഇനിയും അപകട സാധ്യതയുള്ളതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് സമീപ പ്രദേശങ്ങളിലെ ഖനന പ്രവൃത്തികൾക്ക് നിയന്ത്രണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.