പെരിന്തൽമണ്ണ: അലിഗഢ് സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിന് നേരത്തെ അനുവദിച്ച ഫണ്ട് ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ സമർപ്പിച്ച് ബാക്കി ഫണ്ട് വാങ്ങിയെടുക്കുന്നതിൽ സർവകലാശാലക്കും അമാന്തം.
2009-‘10 ലാണ് മലപ്പുറം കേന്ദ്രത്തിന് 25 കോടി ലഭിച്ചത്. അതിനു ശേഷം 109 കോടിയുടെ പദ്ധതി അംഗീകരിച്ചെങ്കിലും 60 കോടിയോളമേ ലഭിച്ചുള്ളൂ. ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ യു.ജി.സിയെ ബോധ്യപ്പെടുത്തണം. അതിൽ പോരായ്മയുണ്ട് എന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.
സർവകലാശാല എന്തെല്ലാം വിശദാംശങ്ങളാണ് നൽകിയതെന്ന് മുൻ വി.സി ഡോ. അബ്ദുൽ അസീസ് തേടിയെങ്കിലും നൽകിയിരുന്നില്ല. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ചട്ടമനുസരിച്ച് വേണം വിശദാംശങ്ങൾ നൽകാൻ. പോരായ്മകൾ തിരുത്താനും സർവകലാശാല ഇടപെടുന്നില്ല. അനുവദിച്ച ഫണ്ടിൽ ബാക്കിയുള്ളത് ലഭിക്കാതെ വന്നാൽ സർവകലാശാല ഫണ്ടിൽനിന്ന് തുക മുൻകൂറായി ചെലവാക്കാമെന്ന് യു.ജി.സി മിനുട്സിലുണ്ട്. അനുവദിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ നൽകാതെ സർവകലാശാല തന്നെയാണ് പുതിയ കേന്ദ്രങ്ങളുടെ വികസനം മുരടിപ്പിക്കുന്നതെന്നാണ്പരാതി.
കേന്ദ്രം ആരംഭിച്ച ഉടൻ 29 തസ്തിക സൃഷ്ടിച്ചതിൽ ഒമ്പത് തസ്തികയിൽ മാത്രമാണ് നിയമനം നടത്തിയത്. ഒഴിവുകൾ നികത്തേണ്ടത് സർവകലാശാലയാണ്. കരാർ നിയമനം പാടില്ലെന്നും പറയുന്നുണ്ട്.മലപ്പുറത്തും മുർഷിദാബാദിലും ഇതേ സ്ഥിതിയാണ്. പുതിയ വികസന പദ്ധതിക്ക് അക്കാദമിക, ഭൗതിക വിവരങ്ങൾ ചേർത്ത് വിശദ പദ്ധതിരേഖ തയാറാക്കി അംഗീകാരം വാങ്ങേണ്ടത് സർവകലാശാലയാണെന്നിരിക്കെ അതിന് താൽപര്യമെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.