പെരിന്തൽമണ്ണ: തകർന്നു കിടക്കുന്ന പെരിന്തൽമണ്ണയിലെ റോഡുകളിൽ ബസിറക്കാനാവാത്തതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലും അങ്ങാടിപ്പുറം വളാഞ്ചേരി റോഡിലും യാത്രാക്ലേശം പരിഹരിക്കാൻ നവംബർ രണ്ടിന് സർവിസ് നിർത്തി സൂചന സമരം നടത്തും. മൂന്നു വർഷത്തോളമായി മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30 കി.മീ റോഡ് നവീകരണം നടക്കുന്നു. പണി പാതിവഴിക്കിട്ട് പോവുകയും പിന്നീട് ജനരോഷം ഉയരുമ്പോൾ അൽപഭാഗം തീർക്കുകയും ചെയ്യുന്നതിനാൽ 60 ശതമാനത്തിൽ താഴെ മാത്രമാണ് തീർത്തത്. വലിയ കുഴികളും കിടങ്ങുകളുമാണ് റോഡിൽ പല ഭാഗത്തും.
ടെണ്ടർ ചെയ്ത് കരാർ ഏൽപ്പിച്ച റോഡ് ഈ സ്ഥിതിയിലിട്ടിട്ടും ജനങ്ങളുടെ വികാരം മരാമത്ത് വകുപ്പിനും മന്ത്രിയുടെയും മുമ്പിൽ എത്തിക്കാൻ ജനപ്രതിനിധികൾക്കും ആയിട്ടില്ല. അങ്ങാടിപ്പുറം-വളാഞ്ചേരി റോഡും ഗതാഗത യോഗ്യമല്ലാതായിട്ട് നാലു വർഷത്തോളമായി. ഇതിനിടയിൽ ചില ഘട്ടങ്ങളിൽ കുഴിയടച്ച് മരാമത്ത് വകുപ്പ് കണ്ണിൽ പൊടിയിട്ടു. മങ്കട മണ്ഡലത്തിൽ വരുന്ന ഭാഗമാണ് പാടേ തകർന്നത്. ഇരുചക്ര വാഹനങ്ങൾക്കടക്കം കടന്നു പോവാൻ കഴിയാത്ത സ്ഥിതിയാണ് ഈ റോട്ടിൽ.
റോഡുകളുടെ തകർച്ചയും ദുരിതവും രണ്ടു മണ്ഡലങ്ങളിലെയും എം.എൽ.എമാരുടെ മുമ്പിൽ വിവിധ സംഘടനകളും വ്യക്തികളും പലവട്ടം പരാതികളായി എത്തിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. ഈ രണ്ട് റൂട്ടിലുമാണ് സൂചന സമരം. ജില്ല കലക്ടർക്കും ജില്ല പൊലീസ് സൂപ്രണ്ടിനും നോട്ടിസ് നൽകിയതായി ബസുടമ ഭാരവാഹികൾ അറിയിച്ചു. ആലോചന യോഗത്തിൽ ബസുടമ സംഘം പ്രസിഡൻറ് സി. ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദലി ഹാജി, സി.പി. മുഹമ്മദലിസ കണ്ണൻമോഹൻ, തൊഴിലാളി സംഘടന പ്രതിനിധികളായ മാടാല മുഹമ്മദലി, കെ.ടി. ഹംസ, അലി പയ്യനാടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.