പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമായ വ്യക്തിഗത ഗുണഭോക്തൃ പട്ടികകൾക്ക് അംഗീകാരം നൽകി. നെൽകൃഷി-കൂലി ചെലവ് സബ്സിഡി, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, കറവപശുക്കൾക്ക് കാലിത്തീറ്റ, പാലിന് സബ്സിഡി, പട്ടിക ജാതി വിദ്യാർഥി സ്കോളർഷിപ്, വിദ്യാഭ്യാസ പദ്ധതികൾ, പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്, മുറ്റത്തൊരു മീൻതോട്ടം എന്ന പേരിൽ മത്സ്യകൃഷി പദ്ധതി, ഇലക്ട്രോണിക് വീൽചെയർ വിതരണം, പട്ടികജാതി മിശ്ര വിവാഹ ധനസഹായം, പട്ടികജാതി വനിതകൾക്ക് വിവാഹ ധനസഹായം എന്നീ വ്യക്തിഗത ഗുണഭോക്തൃപട്ടികകൾക്കാണ് അംഗീകാരം നൽകിയത്. നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡുകളിൽ ഡിമാൻഡ് നോട്ടീസ് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ മുഖേന 10 പേരെ നിയോഗിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.
കുന്നപ്പള്ളി വളയംമൂച്ചിയിൽ വർഷങ്ങളായി ഉപയോഗ്യശൂന്യമായ നിലയിൽ കാടു പിടിച്ച്, അജൈവ മാലിന്യം തള്ളി മലിനമായി കിടക്കുന്ന പൊതുകിണർ നികത്തും. കിണർ നിൽക്കുന്ന സ്ഥലം ബ്യൂട്ടിസ്പോട്ടാക്കി മാറ്റുവാനും നഗരസഭ യോഗം തീരുമാനിച്ചു. രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള കൗലിഫ്റ്റ് യന്ത്രം നഗരസഭ വാങ്ങും. ഇതിന്റെ സേവനം പെരിന്തൽമണ്ണ മൃഗാശുപത്രിയിൽ ലഭ്യമാക്കും. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികിത്സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. വിടവാങ്ങിയ പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ, മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്, കൗൺസിലർ സുനിൽകുമാറിന്റെ മാതാവ് കല്യാണി എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.