പെരിന്തൽമണ്ണ: തിരക്കേറിയ ദേശീയപാതയിൽ പ്രതിദിനം വാഹനാപകടങ്ങളും ചില ഘട്ടങ്ങളിൽ മരണങ്ങളും അരങ്ങേറുന്ന പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത് എട്ട് ബ്ലാക്ക് സ്പോട്ടുകൾ. ബുധനാഴ്ച മുതൽ ഈ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ആരംഭിച്ചു.
തുടരെ അപകടങ്ങളുണ്ടാവുകയും രണ്ടുമരണമെങ്കിലും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ട്. ഇവിടങ്ങളിൽ അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ പിടികൂടാനായിരുന്നു ബുധനാഴ്ച പരിശോധന. ഇത് അടുത്ത ദിവസങ്ങളിലും തുടരും. പെരിന്തൽമണ്ണ, ആനമങ്ങാട്, അങ്ങാടിപ്പുറം, താഴേക്കോട്, പുലാമന്തോൾ, അമ്മിനിക്കാട്, തിരൂർക്കാട്, പട്ടിക്കാട്, പാലച്ചോട് എന്നിവിടങ്ങളിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ടെത്തിയ ബ്ലാക്ക് സ്പോട്ട്.
റോഡിൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പിൽ വേണ്ടത്രയാളില്ലാത്ത പ്രശ്നമുണ്ട്. ഡ്രൈവിങ് പരിശോധന, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന എന്നിവ മോട്ടോർവാഹന വകുപ്പിൽ ദൈനംദിന കാര്യങ്ങളാണ്. ഇത് മാറ്റിവെക്കാൻ കഴിയില്ല. ഒരു മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്പെക്ടറാണ് പെരിന്തൽമണ്ണയിലുള്ളത്.
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഏറെ തിരക്കുള്ള ഘട്ടങ്ങളിൽ വലിയ ചരക്കുലോറികൾ കടന്നു പോവുന്നത് അപകട ഭീഷണി ഉയർത്തുന്നു. വലിയ നഗരങ്ങളിൽ തിരക്കുള്ള ഘട്ടങ്ങളിൽ ഇത്തരത്തിൽ കണ്ടെയ്നർ ലോറികൾ കടത്തിവിടുന്നതിന് നിയന്ത്രണമുണ്ട്.
കോയമ്പത്തൂരിൽനിന്ന് മംഗലാപുരത്തേക്ക് പോവുന്നതാണ് നീളമുള്ള കണ്ടെയ്നർ ലോറികൾ. അതേസമയം, ഇവ പിടിച്ചിട്ടാൽ നിർത്തിയിടാൻ വേറെ സൗകര്യമോ സ്ഥലമോ ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളെ ഒഴിവാക്കി ഇത്തരം ചരക്കുലോറികൾ കടന്നുപോവാൻ ബദൽ പാതയില്ലാത്തതാണ് വലിയ പ്രതിസന്ധി.
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കോട് ദേശീയപാതയിൽ 2010ലാണ് അങ്ങാടിപ്പുറം മേൽപ്പാലം നിർമിച്ചത്. മേൽപ്പാലം തുടങ്ങുന്നിടത്തെ കൈവരി മിക്ക ഡ്രൈവർമാരും അടുത്തെത്തുമ്പോഴാണ് കാണുക. അപ്പോഴേക്കും വാഹനം നിയന്ത്രണംവിട്ട് കൈവരിയിൽ ഇടിച്ചിട്ടുണ്ടാകും.
വർഷത്തിൽ അഞ്ചോ ആറോ എന്ന തോതിൽ ഇവിടെ അപകടം നടക്കുന്നുണ്ട്. മിക്കപ്പോഴും ചരക്കുവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ഇത് തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് നടപടിയെടുക്കേണ്ടത്. വീതിയേറിയ ദേശീയപാതയിൽ ഇടുങ്ങിയ മേൽപ്പാലവും അതിന്റെ ഇരുവശവും കൈവരിയുമാണ് എന്ന് വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ അൽപം ദൂരം മുമ്പ് സൈൻ ബോർഡ് സ്ഥാപിക്കണം. വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് മേൽപ്പാലത്തിന്റെ രണ്ടറ്റത്തും കൈവരി തകർന്നിട്ടുണ്ട്.
മലപ്പുറം: നിരത്തിലെ രക്തക്കറ നീക്കാൻ അരയും തലയും മുറുക്കി പൊലീസും മോട്ടോർ വാഹന വകുപ്പും കർമസജ്ജരായി രംഗത്ത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും ട്രാൻസ്പോർട്ട് കമീഷണറുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും പരിശോധന കർശനമാക്കിയത്. ജോയന്റ് ആക്ഷൻ ബൈ പൊലീസ് ആൻഡ് എം.വി.ഡി 2024 എന്ന പേരിലാണ് (ജെ.എ.പി.എം) ഒരു മാസം നീണ്ട പ്രത്യേക പരിശോധന.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 12 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അപകടകരമായ ഡ്രൈവിങ് 15, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് 191, സീറ്റ് ബെൽറ്റ് ധരിക്കാത്തത് ആറ്, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്തത് ആറ്, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര മൂന്ന്, ഇൻഷുറൻസ് ഇല്ലാത്തത് 28, ഫിറ്റ്നസ് ഇല്ലാത്തത് ഒമ്പത്, എയർ ഹോൺ ഉപയോഗിച്ചത് എട്ട്, വാഹനങ്ങളിൽ ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയത് 10, പുക പരിശോധന നടത്താത്തത് 26, അമിതഭാരം കയറ്റിയത് രണ്ട്, ഫാൻസി നമ്പർ പ്ലേറ്റുകൾ വെച്ചത് ആറ്, നികുതി അടക്കാത്തത് 12, അനധികൃത പാർക്കിങ് -അഞ്ച് തുടങ്ങി വിവിധ നിയമലംഘനങ്ങളിലായി 303 കേസുകളിൽ 6,36,000 രൂപ പിഴ ചുമത്തി.
പരിശോധനയോടൊപ്പം തന്നെ ഓരോ നിയമലംഘനങ്ങളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണവും നൽകി. വരും ദിവസങ്ങളിൽ ദേശീയ-സംസ്ഥാനപാതകൾക്ക് പുറമെ സ്കൂൾ, കോളജ് പരിസരങ്ങളിലേക്കും ഗ്രാമീണ പാതകളിലേക്കും പരിശോധന വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.