പെരിന്തൽമണ്ണ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മങ്കടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. വയനാട് കരണി സ്വദേശി പടിക്കൽ അസ്ക്കർ അലി (26), നല്ലറച്ചാൽ പൂളക്കവല സ്വദേശി ഹജാസ് (30) എന്നിവരാണ് വാളയാർ ചെക്ക്പോസ്റ്റിൽ അറസ്റ്റിലായത്. കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് മാർച്ച് 28ന് പുലർച്ച മങ്കട വടക്കാങ്ങര റോഡിൽ ടിപ്പർ ലോറിക്ക് മുന്നിൽ കാർ വിലങ്ങിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അസ്കർ അലി, ഹജാസ് എന്നിവർ.
തമിഴ്നാട്, കർണാടക ഭാഗങ്ങളിൽ ഒളിവിലായിരുന്നു ഇവർ. പ്രതികളുടെ ഫോട്ടോയുൾെപ്പടെ വിവരങ്ങൾ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കൊടുത്തിരുന്നു. കേരളത്തിലേക്ക് കാറിൽ കടക്കാൻ ശ്രമിച്ച പ്രതികളെ വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം തിരിച്ചറിഞ്ഞു. പിന്നീട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, ഗൾഫിൽനിന്ന് കള്ളക്കടത്ത് സ്വർണം അയച്ചവരെയോ കൈപ്പറ്റിയവരെയോ പിടികൂടാനായിട്ടില്ല.
അസ്കർ അലി മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസുകളിലും കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ വിദേശത്തുനിന്ന് വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി 700 ഗ്രാം സ്വർണം കവർന്ന കേസിലും പ്രതിയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.