പെരിന്തൽമണ്ണ: അനുയോജ്യമായ ഭൂമി കിട്ടാനില്ലെന്ന കാരണത്താൽ താഴേക്കോട് പാണമ്പിയിലെ 10 ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കുന്നിൻചെരിവിലെ തുറസ്സായ സ്ഥലത്തുതന്നെ.
ആദിവാസി ക്ഷേമപദ്ധതിയിൽ ഇവിടത്തെ 10 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീടുവെച്ച് നൽകാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചത് ഇതുവരെ വിനിയോഗിക്കാനായിട്ടില്ല. രണ്ടുവർഷം മുമ്പ് സബ് കലക്ടറുടെ നേതൃത്വത്തിൽ പാണമ്പി ഇടിഞ്ഞാടിയിൽ റവന്യൂ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമടക്കം സന്ദർശിച്ചിരുന്നെങ്കിലും പിന്നീട് നടപടികൾക്ക് തുടർച്ചയുണ്ടായില്ല.
ഇവർക്ക് പുനരധിവാസം ഉറപ്പാക്കാൻ ഭൂമി അന്വേഷിച്ചെന്നും എന്നാൽ, അനുയോജ്യമായ ഭൂമി കണ്ടെത്താനായില്ലെന്നും സബ് കലക്ടർ കെ.എസ്. അഞ്ജു പറഞ്ഞു. താഴേക്കോട് പഞ്ചായത്തിെൻറ പരിധിയിൽവരുന്നതാണ് ആദിവാസി കോളനി. സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയിൽ (ലൈഫ്) 1192 പേരാണ് താഴേക്കോടുള്ളത്. ഇതിൽ അഞ്ചുവർഷത്തിനിടെ 56 കുടുംബങ്ങൾക്കാണ് മുൻ ഭരണസമിതി വീട് നൽകിയത്. ഇതിലാവട്ടെ ആദിവാസി കുടുംബംപോലുമില്ല. സർക്കാർതലത്തിൽ ലൈഫ് ഭവനപദ്ധതിക്കും പരിഗണിച്ചില്ല. ഏഴു കോളനികളിലായി 140ഒാളം പേരാണ് താഴേക്കോട്ടുള്ളത്.
ഐ.സി.ഡി.എസ് ജീവനക്കാർ നിരന്തരം കോളനിയിലെത്തുന്നുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളടക്കം കുന്നിൻമുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയ ഷെഡുകൾക്കുള്ളിൽ കഴിഞ്ഞുകൂടുന്നതുകണ്ട് മടങ്ങേണ്ട സ്ഥിതിയാണ്. വാസയോഗ്യമായ വീടാണ് ആവശ്യം. അനുയോജ്യമെന്ന് തോന്നുന്ന സ്ഥലം കണ്ടെങ്കിലും വെള്ളമോ വഴിയോ അടക്കം സൗകര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാവുന്നതോടെ പാതിവഴിയിലിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.