പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ തുടർച്ചയായമൂന്നുവർഷത്തോളമായി സൂപ്രണ്ടില്ലാത്തത് ആ തസ്തികയിലേക്ക് ആരും സ്ഥലം മാറ്റത്തിന് അപേക്ഷ നൽകാത്തതിനാലാണെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തു തന്നെ അപൂർവമാണ് ഒരു ജില്ല ആശുപത്രി നാഥനില്ലാതെ ഇത്രയും കാലം മുന്നോട്ട് പോവുന്നത്.
ആശുപത്രിക്ക് സൂപ്രണ്ടില്ലെന്ന് മാത്രമല്ല, ജനപ്രതിനിധികളോ ഉത്തരവാദപ്പെട്ടവരോ ഇക്കാര്യം സർക്കാറിന് മുന്നിൽ ഇതുവരെ ഉന്നയിച്ച് വിഷയമാക്കിയിട്ടുമില്ല. ഒരു വർഷം മുമ്പ് ആരോഗ്യമന്ത്രി വീണ ജോർജ് എല്ലാ ജില്ലകളിലും സന്ദർശനം നടത്തിയ കൂട്ടത്തിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലും എത്തിയപ്പോൾ സൂപ്രണ്ടില്ലാത്തതും പല സേവനങ്ങളും മുടങ്ങുന്നതും ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രധാനപ്പെട്ട ഒരു ആതുരാലയത്തിൽ സർക്കാർ താൽപര്യമെടുത്താണ് പ്രധാന തസ്തികകളിൽ നിയമനം നടത്തേണ്ടത് എന്നിരിക്കെ സ്ഥലം മാറ്റത്തിന് ആരും ചോദിക്കാത്തതിനാൽ നിയമിച്ചില്ലെന്ന വിചിത്ര മറുപടിയാണ് മന്ത്രി നിയമസഭയിൽ നൽകിയത്.
ആരോഗ്യ വകുപ്പിൽ അസി. സർജൻ തസ്തികയിലാണ് ഡോക്ടർമാർ സർവീസിൽ പ്രവേശിക്കുക. പിന്നീട് ഓപ്ഷൻ ക്ഷണിച്ച് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ (ജെ.എ.എം.ഒ) ഓഫീസർ തസ്തികയിലേക്ക് നിയമനം നൽകും. 2010 ലെ കേരള മെഡിക്കൽ ഓഫീസേഴ്സ് റൂൾസ് പ്രകാരം ജെ.എ.എം.ഒ തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കി അഞ്ചു വർഷം ജോലി ചെയ്താലാണ് അസി. ഡയറക്ടർ തസ്തികയിൽ പ്രമോഷൻ നൽകാറ്.
2023 നവംബർ 30 വരെയുള്ള പ്രമോഷൻ പട്ടികയിൽ ഉൾപ്പെട്ട ജെ.എ.എം.ഒ മാരിൽ നിന്നും നിശ്ചിത യോഗ്യതയുള്ള 19 പേരെ അസി. ഡയറക്ടർ തസ്തികയിൽ പ്രമോഷൻ നൽകിയിട്ടുണ്ട്. ജെ.എ.എം.ഒ തസ്തികയിൽ നിന്ന് അസി. ഡയറക്ടർ തസ്തികയിൽ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവർ ആരും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് ഓപ്ഷൻ നൽകിയിട്ടില്ല. അസി. ഡയറക്ടർ തസ്തികയിൽ 2024 ലെ സ്ഥാനക്കയറ്റവുമായി സംബന്ധിച്ച് ഉത്തരവിറങ്ങിയപ്പോഴും ആരും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റം ചോദിച്ചില്ല. ഇക്കാരണങ്ങളാലാണ് മൂന്നു വർഷമായി പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ടില്ലാതെ പ്രവർത്തിക്കുന്നതെന്നാണ് നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത്. നിലവിൽ ആശുപത്രിയിലെ ഒരു ഗൈനക്കോളജി ഡോക്ടർക്കാണ് ആശുപത്രി സൂപ്രണ്ടി ന്റെ ചുമതല. അവരും സ്ഥലം മാറി പോവുകയാണ്. നേരത്തെ തന്നെ പെരിന്തൽമണ്ണ ജില്ല ആശുപത്രി സംബന്ധിച്ച് നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയ വേളയിൽ ബോർഡിൽ മാത്രം ഒതുങ്ങുന്നതാണ് ഇതെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 2014 ൽ ജില്ല ആശുപത്രിയായ കേന്ദ്രം പത്തു വർഷം പിന്നിടുയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.