കെ.എസ്.എസ്.എം വിഹിതം അതത് കേന്ദ്രങ്ങളിൽ ചെലവിടണം

പെരിന്തൽമണ്ണ: നിർധന രോഗികളുടെ തുടർചികിത്സക്കും അനുബന്ധ കാര്യങ്ങൾക്കും ധനസഹായത്തിന് രോഗികളുടെ എണ്ണമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിലേക്ക് (കെ.എസ്.എസ്.എം) വിഹിതം നൽകാമെന്നും ആ തുക അതത് തദ്ദേശ സ്ഥാപനങ്ങളിൽ തന്നെ രോഗികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും നിർദേശം. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകാൻ നിർദേശിക്കാനും മിഷൻ തദ്ദേശ വകുപ്പിൽ അപേക്ഷ നൽകി. ചികിത്സ ധനസഹായമായി എത്രയാണോ ചെലവിടേണ്ടത് ആ തുക മിഷനിൽ നൽകാനാണ് തദ്ദേശ വകുപ്പ് നിർദേശം.

2013ലെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം, ബ്ലോക്കും നഗരസഭയും പത്ത് ലക്ഷം വീതം, കോർപറേഷനും ജില്ല പഞ്ചായത്തും 25 ലക്ഷം വീതം എന്നിങ്ങനെ വർഷത്തിൽ നൽകാനായിരുന്നു നിർദേശം. ഇത് പ്രകാരം തുടർവർഷങ്ങളിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും പണം നൽകുന്നുണ്ട്. എന്നാൽ, പണം നൽകിയ തദ്ദേശ സ്ഥാപനങ്ങളിൽ ഇത് കൃത്യമായി ചെലവിടുന്നതായി ഉറപ്പാക്കുന്നില്ല. സോഷ്യൽ സെക്യൂരിറ്റി മിഷന് സർക്കാർ നൽകുന്ന ബജറ്റ് വിഹിതം പരിമിതമായതിനാലാണ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പിരിക്കുന്നത്. പഴയ ഉത്തരവ് പുതുക്കി വീണ്ടും ഇറക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പാക്കണമെന്നുമാണ് മിഷൻ ഉന്നയിച്ച ആവശ്യം.

അതേസമയം, ധനസഹായം സ്വീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മിഷന് വിഹിതം നൽകാമെന്നും തുക അതത് തദ്ദേശ സ്ഥാപനങ്ങളിൽ തന്നെ രോഗികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നുമാണ് തദ്ദേശ വകുപ്പ് നൽകിയ മറുപടി.

ഏത് ചികിത്സക്ക് എത്ര വീതം ധനസഹായമെന്നതടക്കം തുക നിക്ഷേപിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാൻ കഴിയാത്തതിനാൽ ചികിത്സ ധനസഹായ പദ്ധതി സ്വന്തമായി നടപ്പാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ താൽപര്യപ്പെടുന്നത്. അവയവം മാറ്റിവെച്ചവർക്ക് ധനസഹായം നൽകാൻ മലപ്പുറം ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിക്ക് ഫെബ്രുവരി പത്തിന് ചേർന്ന തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചിരുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ചികിത്സ ധനസഹായ പദ്ധതി നടപ്പാക്കുന്നെന്ന കാരണത്താൽ ജില്ല പഞ്ചായത്ത് പ്രത്യേക പദ്ധതി നടപ്പാക്കേണ്ടെന്നാണ് മറുപടി ലഭിച്ചത്.

Tags:    
News Summary - KSSM share should be spent at the respective centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.